യെമനിൽ നിന്നും തട്ടികൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിനെ ഉടൻ മോചിപ്പിക്കുമെന്ന് ജർമ്മൻ പത്രം. ജർമൻ പത്രമായ 'ബിൽഡ്' ആണ് ഇതുമായി ബന്ധപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്തത്. ദക്ഷിണ അറേബ്യൻ ബിഷപ്പുമായി 'ബിൽഡ്' നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ക്രൈസ്തവർക്കൊപ്പം ലോകത്തിലെ കോടിക്കണക്കിനു ജനങ്ങൾ ഫാ. ടോമിന്റെ മോചനം ആഗ്രഹിക്കുന്നുവെന്നും അതിനായുള്ള പ്രാർത്ഥന എല്ലാവർക്കുമുണ്ടെന്നും ബിഷപ്പ് അഭിമുഖത്തിൽ പറഞ്ഞു. ഫാ. ടോം എവിടെയാണുള്ളതെന്ന കാര്യത്തിൽ വിവരം ലഭിച്ചുവെന്നും ഉടൻ അദ്ദേഹത്തെ മോചിപ്പിക്കുമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
അതേസമയം, ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ കുരിശിലേറ്റിയെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. സലേഷ്യൻ ഡോൺ ബോസ്കോ വൈദികനായ ടോം ഉഴുന്നാലിനെ ഈ മാസം നാലിന് ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധസദനത്തിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്.