ടെലിവിഷന്‍ പരിപാടിക്കിടെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയ മുന്‍ മേയര്‍ പൊലീസ് കസ്‌റ്റഡിയില്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ മുന്‍ മേയര്‍ മുഹമ്മദ് അലി നജാഫി ആണ് രണ്ടാം ഭാര്യയായ മിത്ര ഔസ്‌താതിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ സ്വന്തം വീട്ടില്‍ വെച്ചാണ് നജാഫി മിത്രയെ കൊന്നത്. അന്ന് തന്നെ നടന്ന ടെലിവിഷന്‍ പരിപാടിയിലാണ് നജാഫി കുറ്റസമ്മതം നടത്തിയത്.
വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. സംഭവദിവസവും ഇതേ ചൊല്ലി വഴക്കുണ്ടായി. വിവാഹമോചനത്തിന് മിത്ര സമ്മതം മൂളാത്തതാണ് നജാഫിയെ ചൊടിപ്പിച്ചത്.
മിത്ര കുളിക്കാനായി ബാത്ത്‌റൂമില്‍ കയറാന്‍ ഒരുങ്ങവെ നജാഫി തോക്ക് ചൂണ്ടി ഭീഷണപ്പെടുത്തി. ഇത് കണ്ട് ഭയന്ന മിത്ര തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ അറിയാതെ താന്‍ കാഞ്ചിവലിക്കുകയും മിത്ര കൊല്ലപ്പെടുകയുമായിരുന്നുവെന്ന് നജാഫി ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞു.
വെളിപ്പെടുത്തലിന് ശേഷം നജാഫി പൊലീസില്‍ കീഴടങ്ങി. കഴിഞ്ഞ വര്‍ഷം അനാരോഗ്യത്തെ തുടര്‍ന്ന് നാജാഫി മേയര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.