‘കഴുത്തില്‍ മുറിവ്, ശരീരത്തില്‍ പാടുകള്‍’, നേരിടേണ്ടി വന്നത് ക്രൂരമായ പീഡനം; പായലിന്റേത് കൊലപാതകമെന്ന് അഭിഭാഷകന്‍
വ്യാഴം, 30 മെയ് 2019 (13:14 IST)
സീനിയർ ഡോക്ടർമാരുടെ പീഡനത്തെ തുടർന്ന് മരണപ്പെട്ട മുംബൈയിലെ ബിവൈഎൽ നായർ ആശുപത്രിയിലെ ഡോക്ടർ പായൽ താദ്വിയുടെ മരണം കൊലപാതകമെന്ന്. പോസ്റ്റുമാർട്ടം റിപ്പോർട്ട് ആധാരമാക്കി താദ്വിയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ നിതിൻ സത്പുത് രംഗത്ത് വന്നു.
കഴുത്തിലെ മുറിവും ദേഹത്തേറ്റ മറ്റുപാടുകളും കൊലപാതകത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. ഈ വിവരം പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സാഹചര്യത്തെളിവുകളും കൊലപാതകമാണ് സൂചിപ്പിക്കുന്നത്. കുറ്റവാളികൾ മൃതദേഹം മറ്റെവിടെയെങ്കിലും കൊണ്ടുപോയിരിക്കാൻ സാധ്യതയുണ്ട്. പിന്നീടാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇതൊരു കൊലപാതകമെന്ന രീതിയിലാകണം പൊലീസ് അന്വേഷണം നടത്തേണ്ടത്. ഇതിനായി പൊലീസിന് രണ്ടാഴ്ചത്തെ സമയവും അനുവദിക്കേണ്ടതാണെന്നും നിതിൻ സത്പുത് പറഞ്ഞു.
അറസ്‌റ്റിലായ പ്രതികള്‍ സമൂഹത്തില്‍ ഏറെ സ്വാധീനമുള്ളവരാണെന്നും അതിനാൽ കേസിൽ നിന്നും ഏത് വിധേനയും രക്ഷപെടാൻ ഇവർ ശ്രമിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടറായ ജയ് സിംഗ് ദേശായി വ്യക്തമാക്കി.
ഈ മാസം 22 തിയതിയാണ് മുംബൈയിലെ ബിവൈല്‍ നായര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായ പായല്‍ താദ്വിവിയെ (26) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൈനക്കോളജി പിജി വിദ്യാര്‍ത്ഥിയായിരുന്നു പായല്‍.