മുറിവേറ്റ വ്യാഘ്രമായി ഈജിപ്ത്; ഐ‌എസ് കേന്ദ്രങ്ങള്‍ നശിപ്പിച്ചു തുടങ്ങി

Webdunia
തിങ്കള്‍, 16 ഫെബ്രുവരി 2015 (16:37 IST)
ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളായ 21 ബന്ദികളുടെ തലയറുക്കുന്ന വീഡിയോ പുറത്തു വന്നതിനു പിറകെ ലിബിയയിലെ ഐസിസ് ഭീകരരുടെ താവളങ്ങളില്‍ ഈജിപ്ത് ബോംബാക്രമണം നടത്തി. ലിബിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ വ്യോമാക്രമണം തുടങ്ങിയതായി ഈജിപ്ത് സൈന്യം സ്ഥിരീകരിച്ചിട്ടൂണ്ട്.
 
ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും ലക്ഷ്യമാക്കിയായിരിക്കും ആക്രമണമെന്ന് ഈജിപ്ത് വ്യക്തമാക്കി. വെളുപ്പിനു നടന്ന ആക്രമണത്തിന്റെ  ലക്ഷ്യം ഐസിസ് താവളങ്ങളും സാധനങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങളും തകര്‍ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഭീകരരുടെ പിടിയിലുള്ള നഗരമായ ദേര്‍നയില്‍ തങ്ങളുടെ സഹകരണത്തോടെയാണ് ഈജിപ്ത്  ആക്രമണം നടത്തിയതെന്ന് ലിബിയന്‍ ഉദ്യോഗസ്ഥരും അറിയിച്ചു. 
 
ലിബിയ ആസ്ഥാനമാക്കിയുള്ള ഐസിസ് തീവ്രവാദികളുടെ പ്രവര്‍ത്തനം ഈജിപ്തിനു കനത്ത സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് പ്രസിഡന്റ് അബ്‌ദേല്‍ ഫത്താ അല്‍ സിസി ആവര്‍ത്തിച്ചു വ്യക്തമവാക്കിയിരുന്നു. സീനായില്‍ അതിക്രമിച്ചു കയറിയ തീവ്രവാദ സംഘത്തിനു നേരെ ശക്തമായി തിരിച്ചടിക്കുമെന്നും ഈജിപ്ത് അറിയിച്ചിരുന്നു.
 
ലിബിയയില്‍ ഐസിസിന്റെ പിടിയിലായ 21 ഈജിപ്ത്യന്‍ ക്രിസ്ത്യാനികളെ കടല്‍ തീരത്തുകൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യം ഇന്നലെയാണ് പുറത്തുവന്നത്. ഓറഞ്ച് നിറത്തിലുള്ള നീണ്ട കുപ്പായമണിയിച്ച്  ഈജിപ്ഷ്യന്‍ ബന്ദികളെ ഇരുത്തിയിരിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. കൊല്ലപ്പെട്ടവരോടുള്ള  ആദരസൂചകമായി ഈജിപ്തില്‍ ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് ഈജിപ്ത് സൈനിക നടപടി തുടങ്ങിയത്. ഐസിസിനെതിര കടുത്ത രീതിയില്‍ പ്രതികരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് ഇതിനോട് ഈജിപ്ഷ്യന്‍ പ്രസിഡന്റ്  അബ്ദല്‍ ഫത്ത അല്‍ സിസി പ്രതികരിച്ചത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.