Hezbollah vs Israel: ബെയ്‌റൂട്ടില്‍ വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ മരണം 20 കടന്നു. 450 ലേറെ പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. ആയിരക്കണക്കിനു പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ലെബനനിലും സിറിയയിലുമായി 12 പേര്‍ കൊല്ലപ്പെടുകയും 3000 ത്തിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുള്ള അപകടം.
ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിലാണ് വോക്കിടോക്കി പൊട്ടിത്തെറികള്‍ സംഭവിച്ചത്. ഹിസ്ബുല്ല അനുയായികളുടെ കൈകളില്‍ ഇരുന്നാണ് വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാരചടങ്ങുകള്‍ക്കിടയിലും പൊട്ടിത്തെറികള്‍ ഉണ്ടായി. സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുല്ല ആരോപിച്ചു.
പേജര്‍ കൂട്ടക്കൊലയ്ക്കുള്ള തിരിച്ചടി ഇസ്രയേലിനു നല്‍കുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചു. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്ന് തിരിച്ചടി തുടങ്ങിയാല്‍ യുദ്ധത്തിലേക്കു നീങ്ങുമോ എന്ന ആശങ്കയാണ് ലോകരാഷ്ട്രങ്ങള്‍ക്കുള്ളത്. ഹമാസിനുള്ള പിന്തുണ തുടരുമെന്നും ഇപ്പോള്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ തുടരുമെന്നും ഹിസ്ബുല്ല വ്യക്തമാക്കി.
അതേസമയം ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ 'യുദ്ധത്തിന്റെ പുതിയ ഘട്ടം' എന്ന പരാമര്‍ശം ആശങ്ക വര്‍ധിപ്പിക്കുന്നു. ' യുദ്ധത്തിന്റെ പുതിയ ഘട്ടത്തിലേക്കു കടക്കുകയാണ് നമ്മള്‍. ധൈര്യവും ലക്ഷ്യബോധവുമാണ് ഇതിനു ആവശ്യം.' ഗാലന്റ് പറഞ്ഞു. എന്നാല്‍ ലെബനനിലെ തുടര്‍ ആക്രമണങ്ങളെ കുറിച്ച് പരാമര്‍ശമില്ല.