സിറിയയിൽ സർക്കാർ സേന നടത്തിയ രാസായുധ പ്രയോഗത്തിൽ 58 പേർ കൊല്ലപ്പെട്ടു. വിമതരുടെ കൈവശമുള്ള വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലുള്ള ഖാൻ ഷെയ്ഖൗൻ നഗരത്തിലാണ് ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ എട്ടു വയസിന് താഴെയുള്ള 11 കുട്ടികളുണ്ട്. മരണസംഖ്യ ഉയർന്നേക്കും. 300 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥലത്തെ എല്ലാ ആശുപത്രികളും പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കുട്ടികളെയാണു രാസായുധപ്രയോഗം ഏറെയും ബാധിച്ചത്.
സിറിയൻ സർക്കാരോ റഷ്യൻ ജെറ്റുകളോ ആണു രാസായുധ ആക്രമണം നടത്തിയതെന്നാണു സിറിയയിലെ മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തത്. എന്നാൽ തങ്ങളല്ല ആക്രമണം നടത്തിയതെന്ന് സൈന്യം പ്രതികരിച്ചു.
പ്രാദേശിക സമയം പുലർച്ചെ 6.45നായിരുന്നു (ഇന്ത്യൻ സമയം പകൽ 9.15) വ്യോമാക്രമണമെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. 20 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ തെരുവുകളിൽ ആളുകൾ ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുകയായിരുന്നുവെന്നാണു റിപ്പോർട്ട്.