ഉത്തര കൊറിയയുടെ ഭീഷണിക്ക് മറുപടിയുമായി അമേരിക്ക. കൊറിയന്‍ ഉപദ്വീപുകള്‍ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്നതും കരുത്തുറ്റതുമായ നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബർ വിമാനങ്ങളുമാണ് കൊറിയയുടെ ആകാശത്ത് കൂടി പറന്നത്.
എഫ് 35ബി വിഭാഗത്തിൽപെട്ട നാല് സ്റ്റെൽത്ത് വിമാനങ്ങളും രണ്ട് ബി-1ബി യുദ്ധവിമാനങ്ങളുമാണ് കൊറിയയുടെ മുകളിലൂടെ പറന്നത്. ദക്ഷിണ കൊറിയയുടെ നാല് എഫ്-15കെ വിമാനങ്ങളും ഇതിനൊപ്പം പറന്നു.
അതേസമയം, പതിവ് പരിശീലന പറക്കൽ മാത്രമായിരുന്നു ഇതെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ സഖ്യകക്ഷികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സൈനികാഭ്യാസം മാത്രമാണ് നടന്നതെന്നും അധികൃതർ പറഞ്ഞു. സംയുക്ത സൈനിക നടപടികൾ ശക്തമാക്കാനും ദക്ഷിണ കൊറിയയ്ക്ക് പരിപാടിയുണ്ട്.
അമേരിക്കയുടെ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇക്കഴിഞ്ഞ മൂന്നിന് ഉത്തര കൊറിയ ആറാമത്തെ ആണവപരീക്ഷണം നടത്തിയിരുന്നു. ജപ്പാന് മുകളിലൂടെ മിസൈല്‍ പറത്തിയും യുഎസിനെ ഉത്തര കൊറിയ വെല്ലുവിളിച്ചു. ഇതിന് മറുപടിയായാണ് അമേരിക്കയുടെ ശക്തി പ്രകടനം.