ധോണി കൂളാണെന്ന് ആരു പറഞ്ഞു ?; ഓസീസിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത മഹി ഇനി സച്ചിനൊപ്പം
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (15:33 IST)
വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം ശ്രീലങ്കയില്‍ നിന്നും ആരംഭിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറിച്ചത് മറ്റൊരു റെക്കോര്‍ഡ് കൂടി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 അര്‍ധ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ചെന്നൈ ഏകദിനത്തിലെ പ്രകടനത്തിലൂടെ ധോണി (79) സ്വന്തമാക്കിയത്.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇതിനു മുമ്പ് 100 അര്‍ധ ശതകങ്ങള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നു നിന്നപ്പോഴാണ് ധോണി ക്രീസില്‍ എത്തിയത്. മഹിക്ക് പിന്തുണയുമായി ഹാര്‍ദിക്പാണ്ഡ്യ ക്രീസില്‍ (66 ബോളില്‍ നിന്ന് 83) എത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 281ല്‍ എത്തിയത്.
ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ധോണി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം ഏകദിനത്തില്‍ പുറത്താകാതെ 45 റണ്‍സ് നേടിയ അദ്ദേഹം മൂന്നാം ഏകദിനത്തിലും പുറത്താകാതെ 67 റണ്‍സും സ്വന്തമാക്കി. നാലാം ഏകദിനത്തില്‍ പുറത്താകാതെ 49 നേടാനും മഹിക്കായി.