600 വര്‍ഷത്തിനിടെയുള്ള വലിയ സുനാമി

Webdunia
നാല് വര്‍ഷം മുമ്പുണ്ടായ സുനാമി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 600 വര്‍ഷത്തിനിടെ ഉണ്ടായയതില്‍ ഏറ്റവും വലുതാണെന്ന് പഠനം. അടുത്തിടെ പുറത്തിറക്കിയ രണ്ട് പഠന റിപ്പോര്‍ട്ടുകളിലാണ് ഈ വിവരമുള്ളത്.

‘നാച്ചര്‍’ മാസികയുടെ ഏറ്റവും പുതിയ പതിപ്പില്‍ പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുഴികളെടുത്തും തായ്‌ലന്‍ഡ്, വടക്കന്‍ സുമാത്ര എന്നിവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചും നടത്തിയ പഠനത്തിലാണ് ഇതിന് മുന്‍പ് സുനാമി ഉണ്ടായത് 1300നും 1400 നും ഇടയ്ക്കാണെന്ന് മനസിലാക്കാനായത്.

സുനാമിത്തിരമാലകള്‍ നിക്ഷേപിച്ച മണ്ണ്‌ പരിശോധിച്ചാണ് കഴിഞ്ഞ സുനാമി നാശം വിതച്ച കാലം തിട്ടപ്പെടുത്തിയത്. മണ്ണിലെ ചെടികളുടെ അവശിഷ്ടങ്ങളിലലും മറ്റും നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗ് വഴിയാണ് കാലഘട്ടം തിട്ടപ്പെടുത്തിയത്.

നാല് വര്‍ഷം മുന്‍പ് 2004ല്‍ ഉണ്ടായ സുനാമിയില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള 230000 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറടിയിലേറെ ഉയര്‍ന്ന തിരമാലകള്‍ സുമാത്രയിലും മറ്റും കൊടിയ നാശം വിതച്ചിരുന്നു. തായ്‌ലന്‍ഡിലും സുനാമിത്തിരമലകള്‍ കരയില്‍ ഒരു മൈല്‍ വരെ ഉള്ളില്‍ കയറിയിരുന്നു. രണ്ട് മുതല്‍ എട്ട് ഇഞ്ച് വരെ കട്ടിയില്‍ മണ്ണും തിരമാലകള്‍ കരയില്‍ നിക്ഷേപിച്ചിരുന്നു.