26/11: പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തണമെന്ന് പാക് കോടതി

Webdunia
ബുധന്‍, 28 ഒക്‌ടോബര്‍ 2009 (13:53 IST)
നവംബറിലെ മുംബൈ ഭീകരാക്രമണക്കേസില്‍ അറസ്റ്റിലായ ഏഴ് ലഷ്കര്‍ ഇ തയ്ബ പ്രവര്‍ത്തകര്‍കെതിരെ കുറ്റം ചുമത്തണമെന്ന് ലാഹോര്‍ ഹൈക്കോടതി. കോടതിയുടെ റാവല്‍‌പിണ്ടി ബെഞ്ചാണ് മുംബൈ ഭീകരാക്രമണ കേസില്‍ വാദം കേള്‍ക്കുന്ന ഭീകരവിരുദ്ധ കോടതിയോട് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനാവശ്യപ്പെട്ടത്.

തനിക്കും മറ്റ് ആറു പ്രതികള്‍ക്കുമെതിരെ കേസില്‍ വദം കേള്‍ക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ലഷ്കര്‍ തലവന്‍ സകീവു റഹ്മാന്‍ ലഖ്‌വി ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ലഖ്‌വിയടക്കം ഏഴ് ലഷ്കര്‍ പ്രവര്‍ത്തകരെയാണ് പാക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇപ്പോള്‍ അതീവ സുരക്ഷയുള്ള ലാഹോറിലെ ആദിയാല ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

മുംബൈ ഭീകരാക്രമണക്കേസില്‍ വാദം കേള്‍ക്കുന്നത് തീവ്രവാദ വിരുദ്ധ കോടതി ഈ മാസം 31ലേക്ക് മാറ്റിവെച്ചിരുന്നു. കേസില്‍ തുടര്‍ച്ചയായി വദം കേള്‍ക്കല്‍ മാറ്റിവെക്കുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുമെന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.