23 നിലക്കെട്ടിടത്തില്‍ നിന്ന് ചാടി, ‘നോ പ്രോബ്ലം’!

Webdunia
ചൊവ്വ, 25 ജനുവരി 2011 (17:28 IST)
PRO
ബ്യൂണസ് ഐറിസിലെ ഒരു ഹോട്ടലിന്റെ ഇരുപത്തിമൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞ യുവതി അത്ഭുതകരമായി രക്ഷപെട്ടു! ഹോട്ടലിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന ഒരു ടാക്സി കാറിനു മുകളിലേക്കാണ് യുവതി വീണത്.

ആരോ മുകളില്‍ നിന്ന് വീഴുന്നത് കണ്ട് ഡോര്‍ തുറന്ന് വെളിയിലിറങ്ങിയതിനാല്‍ ടാക്സി ഡ്രൈവര്‍ക്ക് പരുക്കൊന്നും പറ്റിയില്ല. വീഴ്ചയുടെ ആഘാതത്തില്‍ കാറിന്റെ മുകള്‍ ഭാഗം തകര്‍ന്ന് താഴേക്ക് വളഞ്ഞിട്ടുണ്ട്.

ജീവന്‍‌ രക്ഷപെട്ടു എങ്കിലും നിരവധി ഒടിവുകള്‍ പറ്റിയ നിലയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ കൂടെയുണ്ടായിരുന്ന ആളുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് താഴേക്ക് ചാടിയതെന്നാണ് സൂചന.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്ക് മുപ്പത് വയസ്സ് പ്രായം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.