സരബ്ജിത്തിന് മസ്തിഷ്ക മരണം സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2013 (19:06 IST)
PRO
PRO
സരബ്ജിത്ത് സിംഗിന് മസ്തിഷ്ക മരണം സംഭവിച്ചിട്ടില്ലെന്ന് അലബ ഇക്ബാല്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. നേരത്തെ സരബ്ജിത്ത് സിംഗിന് മസ്തിഷ്ക മരണം സംഭവിച്ചതായി പാകിസ്ഥാന്‍ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. അതേസമയം സഹതടവുകാരുടെ ക്രൂരമര്‍ദ്ദത്തിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത്ത് സിംഗിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു.

പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന സരബ്ജിത്ത് സിംഗിനെ കഴിഞ്ഞ ദിവസം സഹതടവുകാരന്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സരബ്ജിത്ത് സിംഗ് തീവ്രപരിചരണ വിഭാഗത്തില്‍ ശസ്ത്രക്രിയ കാത്ത് കഴിയുമ്പോഴാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവം നില്‍ക്കാതെ ശസ്ത്രക്രിയ നടത്താനാവില്ലെന്നും രക്ഷപ്പെടുത്താനുള്ള സാധ്യത കുറവാണെന്നും ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

സരബ്ജിത്തിന്‍റെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മാനുഷിക പരിഗണന നല്‍കി സരബ്ജിത്തിനെ വിട്ടയക്കണമെന്ന് ഇന്ത്യയും പാകിസ്ഥാനോട് അഭ്യര്‍ത്ഥിച്ചിരുന്നു.