ഷിന്‍ജിയാങ്ങ് മേഖലയില്‍ ഞായറാഴ്ചയുണ്ടായ വംശീയ കലാപത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടതായി ചൈനീസ് സര്‍ക്കാരിന്‍റെ വിശദീകരണം. കലാപം നിയന്ത്രണ വിധേയമായതായും പ്രദേശത്തിന്‍റെ നിയന്ത്രണം പൊലിസ്സ് ഏറ്റെടുത്തതായും സര്‍ക്കാര്‍ അറിയിച്ചു. പ്രവിശ്യയുടെ തലസ്ഥാനമായ ഉറുംകിയുടെ പടിഞ്ഞാറന്‍ ഭാഗത്താണ് കലാപം ഉണ്ടായത്.
നഗരത്തിലെ പ്രധാന റോഡുകളെല്ലാം തന്നെ കലാപകാരികള്‍ ഉപരോധിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഉറുംകിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മേധാവിയെ ഉദ്ധരിച്ച് ചൈനയുടെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണിത്. ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 129 പേര്‍ കൊല്ലപ്പെടുകയും 816 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മൂവായിരത്തോളം വരുന്ന ആളുകളാണ് ഞായറാഴ്ച കലാപം ഉണ്ടാക്കിയത്. ജൂണ്‍ അവസാനം യൂഗുര്‍ ഫാക്ടറിത്തൊഴിലാളികളും ഹാന്‍ ചൈനീസ് വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് ഞായറാഴ്ചത്തെ കലാപം. സംഘര്‍ഷം കൈകാര്യം ചെയ്ത പൊലീസ് രീതിയില്‍ പ്രതിഷേധിക്കാനെത്തിയവരാണ് കലാപം നടത്തിയത്. അന്നത്തെ പൊലീസ് നടപടിയില്‍ രണ്ട് യൂഗുര്‍ വിഭാഗക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കലാപം മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കലാപത്തില്‍ പങ്കെടുത്ത നൂറോളം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തിന് പിന്നില്‍ രാജ്യത്തിന് പുറത്തുള്ള ഭീകരവാദികളാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.