വൈകിട്ട് നാല് മണിക്ക് സസ്പെന്‍സ് അവസാനിക്കും!

Webdunia
വെള്ളി, 29 ഏപ്രില്‍ 2011 (09:48 IST)
PRO
ലോകം കാത്തിരിക്കുന്ന സസ്പെന്‍സിന് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം നാല് മണിക്ക് വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ അവസാനമാവും! വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണും പാരമ്പര്യ വസ്ത്രത്തിലായിരിക്കുമോ വിവാഹത്തിനെത്തുക എന്ന സസ്പെന്‍സിന് വിരാമമാവണമെങ്കില്‍ അത്രത്തോളം കാത്തിരുന്നേ മതിയാവൂ.

കേറ്റ് പാരമ്പര്യ വേഷത്തില്‍ തന്നെയായിരിക്കും എന്നാണ് ഭൂരിഭാഗം ആളുകളും ഫാഷന്‍ ലോകവും കരുതുന്നത്. വില്യം രാജകുമാരന്‍ പിതാവിനെ പോലെ സൈനിക ചിഹ്നങ്ങളണിഞ്ഞാവും വിവാഹത്തിനെത്തുക എന്നും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു. കേറ്റ് ഇന്ന് രാജ്ഞിയുടെ രത്ന ഖചിതമായ ബ്രൈഡല്‍ കിരീടം അണിയുമെന്നും കരുതുന്നു.

രാജകീയ വിവാഹത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇതുമാത്രമല്ല. രാജകുമാരനും കുമാരിയും എവിടേക്കാവും ഹണിമൂണിനു പോവുക എന്നതും ബ്രിട്ടീഷുകാര്‍ക്കിടയിലെ ചൂടുള്ള ചര്‍ച്ചാ വിഷയമാണ്. കെനിയയോ സീഷെല്‍‌സോ ആ‍വാമെന്നാണ് ഭൂരിഭാഗവും കരുതുന്നത്. എന്തായാലും ഇതെ കുറിച്ച് ഉടന്‍ അറിയണമെങ്കില്‍ വധൂവരന്‍‌മാര്‍ തന്നെ വാ തുറക്കേണ്ടി വരും!

വിവാഹത്തിന് മൊത്തം 1900 ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുക്കുക. വിവാഹ ശേഷം ബക്കിംഗ്‌ഹാം കൊട്ടാരത്തിലേക്കുള്ള രാജകീയ ഘോഷയാത്ര വീക്ഷിക്കാന്‍ ആറ് ലക്ഷം പേരെങ്കിലും പാതയോരങ്ങളില്‍ എത്തുമെന്നാണ് കരുതുന്നത്. ലോകമെമ്പാടും 200 കോടിയലധികം ആളുകള്‍ വിവാഹ ചടങ്ങുകള്‍ വീക്ഷിക്കുമെന്നാണ് കരുതുന്നത്.