വിവാഹാഭ്യര്‍ത്ഥന നിരസിച്ചെന്ന കാരണത്തിന് പാകിസ്താനില്‍ യുവതിയെ ജീവനോടെ കത്തിച്ചു. വടക്ക് കിഴക്കന്‍ പാകിസ്താനിലാണ് സംഭവം. യുവതിയുടെ മുന്‍ സഹപ്രവര്‍ത്തകന്റെ മകന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാണ് കൊലപാതകം നടത്തിയത്. മരിയ സദാഖ് എന്ന പത്തൊമ്പത്കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ച ശേഷം തീ കൊളുത്തി കൊല്ലുകയായിരുന്നു. ഗുരുതര പരുക്കുകളോടെ യുവതിയെ ഇസ്ലാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇസ്ലാമാബാദിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു മരിയ.
അതേസമയം, മരിയ ജോലി ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പ്രിന്‍സിപ്പല്‍ അടക്കം നാല് പേരാണ് തന്നെ അക്രമിച്ചതെന്ന് യുവതി മരിക്കുന്നതിന് മുന്‍പ് മൊഴി നല്‍കി.