ലോകവ്യാപകമായി ഹാക്കര്‍‌മാരുടെ കൊള്ള; മണിക്കൂറുകള്‍ക്കകം കവര്‍ന്നത് 246 കോടി!

Webdunia
ശനി, 11 മെയ് 2013 (17:02 IST)
PRO
PRO
ഹാക്കര്‍മാര്‍ ലോകവ്യാപകമായി കൊള്ള നടത്തി കോടികള്‍ കവര്‍ന്നു. ഹാക്കര്‍‌മാരുടെ ആഗോള സംഘം മണിക്കൂറുകള്‍ കൊണ്ട് കവര്‍ന്നത് 45 മില്യണ്‍ ഡോളര്‍(ഏകദേശം 246 കോടി രൂപ). ബാങ്കുകളുടെ പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുകളുടെ ഡാറ്റ ബേസിലേക്ക് നുഴഞ്ഞു കയറിയാണ് ഹാക്കര്‍മാര്‍ കൊള്ള നടത്തിയത്. ഇതുവഴി വിവിധ ലോകരാജ്യങ്ങളില്‍നിന്നും പണം പിന്‍വലിച്ചാണ് തട്ടിപ്പ് നടത്തിയത്.

അമേരിക്കയിലെ മിഡില്‍ ഈസ്റ്റേണ്‍ ബാങ്കില്‍ നിന്നാണ് കോടികള്‍ കവര്‍ന്നത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ അമേരിക്കയില്‍ പിടിയിലായി. എന്നാല്‍ ആയിരത്തിലേറെ പേര്‍ മോഷണവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ആഗോള ഹാക്കര്‍മാരുടെ സംഘമാണ് മോഷണത്തിന് പിന്നില്‍. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ബാങ്ക് കവര്‍ച്ചയെന്നാണ് ഇവര്‍ കവര്‍ച്ചയെ വിശേഷിപ്പിച്ചത്.

ബാങ്കിന്റെ ഡാറ്റ ബേസിലേക്ക് നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ പ്രി പെയ്ഡ് ഡെബിറ്റ് കാര്‍ഡുകളുടെ പണം പിന്‍വലിക്കാനുള്ള പരിധി എടുത്തുകളഞ്ഞു. ഒപ്പം പുതിയ രഹസ്യ കോഡുകളും ഉണ്ടാക്കി എംടിഎം കാര്‍ഡുകളിലേതിന് സമാനമായ മാഗ്നറ്റിക് സ്ട്രിപ്പുകളുള്ള കാര്‍ഡുകള്‍ നിര്‍മിച്ചു. ഇത് ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍നിന്ന് സംഘാംഗങ്ങള്‍ പണം പിന്‍വലിച്ചുകൊണ്ടിരുന്നു.

ജപ്പാന്‍, റഷ്യ, റൊമാനിയ, ഈജിപ്ത്, കൊളംബിയ, ബ്രിട്ടന്‍, ശ്രീലങ്ക, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പതിനായിരക്കണക്കിന് ട്രാന്‍സാക്ഷനുകളിലൂടെയാണ് പണം പിന്‍വലിച്ചത്. സ്വകാര്യ വ്യക്തികളുടെ ആരുടേയും പണമല്ല ഇങ്ങനെ മോഷ്ടിക്കപ്പെട്ടത്. പ്രീ പെയ്ഡ് ഡെബിറ്റ് കാര്‍ഡുകള്‍ക്കുവേണ്ടി ബാങ്ക് വകയിരുത്തിയിരുന്ന പണമാണ് ഹാക്കര്‍മാര്‍ മോഷ്ടിച്ചത്.