ലോകത്തെ 27 ശതമാനം മുസ്ലീങ്ങളും തീവ്രവാദികളാണെന്ന് ഡൊണാള്‍ഡ് ട്രംപ്

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2016 (12:29 IST)
വിവാദ പ്രസ്താവനകളിലൂടെ പേരുകേട്ട അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ലോകത്തെ 27 ശതമാനം മുസ്ലീങ്ങളും കടുത്ത തീവ്രവാദികളാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചിലപ്പോള്‍ അത് 35 ശതമാനം വരെ പോകാമെന്നും ഇത് യുദ്ധത്തിലേക്ക് നയിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 
 
അമേരിക്കന്‍ ജനതയുടെ പ്രതീകമായാണ് താന്‍ ഇത് പറയുന്നതെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തിനിടെയാണ് ട്രംപിന്റെ വിവാദ പരാമര്‍ശം. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനങ്ങളിലും ഇത് തെളിഞ്ഞതായി ട്രംപ് പറഞ്ഞു.
 
മുസ്‌ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന ട്രംപിന്റെ പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള ട്രംപിന്റെ നീക്കവും കടുത്ത വിമര്‍ശനത്തിനിരയായി.