ലിബിയയില്‍ വിമാനവിലക്ക് ഏര്‍പ്പെടുത്തിയേക്കും

Webdunia
ബുധന്‍, 9 മാര്‍ച്ച് 2011 (13:08 IST)
വെടിവയ്പ്പും വ്യോമാക്രമണവും തുടര്‍ക്കഥയായി മാറിയ ലിബിയയില്‍ വിമതരെ തുരത്താനുള്ള സൈനികനീക്കം ശക്തി പ്രാപിച്ചു. പ്രക്ഷോഭകര്‍ക്ക് നേരെയുള്ള വ്യോമാക്രമണം കനത്തതോടെ ലിബിയയില്‍ വിമാന വിലക്ക് ഏര്‍പ്പെടുത്താന്‍ പാശ്ചാത്യരാജ്യങ്ങള്‍ ശ്രമം തുടങ്ങി. അനുമതിയില്ലാതെ പറക്കുന്ന ഗദ്ദാഫി അനുകൂല സൈന്യത്തിന്റെ വിമാനങ്ങള്‍ വെടിവച്ചിടാനാണ് വിമാന വിലക്ക് ഏര്‍പ്പെടുത്തുന്നതിലൂടെ പാശ്ചാത്യരാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.

ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ വ്യാഴാഴ്ച ബ്രസ്സല്‍‌സില്‍ യോഗം ചേരും. ‘വിമാന നിരോധിത മേഖല‘ ഏര്‍പ്പെടുത്തുന്നതിനായി ബ്രിട്ടന്‍, ഫ്രാന്‍സ് ഇന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പ്രമേയം തയ്യാറാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന്, പ്രമേയം ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതിയില്‍ പാസാക്കിയെടുക്കും.

ഇതിനിടെ, രാജ്യം വിടാന്‍ പ്രസിഡന്റ് ഗദ്ദാഫി സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചില സുപ്രധാന ഉപാധികള്‍ക്ക് വിധേയമായിട്ടായിരിക്കും ഇത്. നല്ലൊരു തുക പണമായി നല്‍കുന്നതിനൊപ്പം ക്രിമിനല്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കുകയും വേണം എന്നാണ് ഗദ്ദാഫി ആവശ്യപ്പെടുന്നത്. ഈ ഉറപ്പുകള്‍ ലഭിച്ചാല്‍ രാജ്യം വിടാന്‍ ഇയാള്‍ സന്നദ്ധനാവുമെന്ന് അല്‍ ജസീറ ടി വി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, വിമതര്‍ മറ്റൊരു ഫോര്‍മുലയാണ് മുന്നോട്ട് വച്ചിട്ടുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുക്കുന്ന ഭരണാധികാരിക്ക് അധികാരം കൈമാറിയശേഷം കൊടുക്കുന്ന പണവും വാങ്ങി ഗദ്ദാഫി നാടുവിടുക എന്നതാണത്. ഗദ്ദാഫി ലിബിയയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ലിബിയയിലെ മൂന്നാമത്തെ വലിയ നഗരമായ മിസ്രത്തില്‍ ചൊവ്വാഴ്ച ശക്തമായ ഏറ്റുമുട്ടല്‍ നടന്നു. തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്ന് 550 കിലോമീറ്റര്‍ കിഴക്കുമാറിയും ഏറ്റുമുട്ടല്‍ ഉണ്ടായി‍. റാസ് ലാനുഫ്, ബ്രെഗ എന്നീ നഗരങ്ങളിലും പ്രക്ഷോഭം നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണ്.