ലാദന്‍ പാകിസ്ഥാനിലെന്ന് സി‌ഐഎ

Webdunia
തിങ്കള്‍, 28 ജൂണ്‍ 2010 (09:52 IST)
അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബില്‍ ലാദന്‍ പാകിസ്ഥാനിലെ ഗോത്രവര്‍ഗ്ഗ മേഖലയില്‍ ഒളിച്ചു കഴിയുകയാണെന്ന് സിഐഎ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ. കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പനേറ്റ ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസിന്റെയും നാറ്റോയുടെയും കടുത്ത ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിലെ അല്‍-ക്വൊയ്ദ സാന്നിധ്യം വളരെ കുറഞ്ഞു. അഫ്ഗാനില്‍ ഇപ്പോള്‍ 60-100 അല്‍-ക്വൊയ്ദ ഭീകരര്‍ മാത്രമേ ഉള്ളൂ എന്നാണ് കരുതുന്നതെന്നും പനേറ്റ പറയുന്നു.

ലാദന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അഫ്ഗാനില്‍ നിന്ന് പാകിസ്ഥാന്റെ ഗോത്രവര്‍ഗ്ഗ മേഖലയിലെത്തിയിട്ടുണ്ട്. അവിടെ കനത്ത സുരക്ഷയിലായിരിക്കും ലാദന്‍ കഴിയുന്നത്. പാകിസ്ഥാന്റെ ഗോത്ര വര്‍ഗ്ഗ മേഖല ലോകത്തിലെ തന്നെ ഏറ്റവും ദുഷ്കരമായ ഭൂപ്രകൃതിയാണെന്നും പനേറ്റ പറഞ്ഞു.

ഭീകരര്‍ക്കെതിരെ നിരന്തരമായി ആക്രമണം നടത്തുന്നത് കാരണം അല്‍-ക്വൊയ്ദയും താലിബാനും ഇപ്പോള്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണെന്ന് കരുതുന്നു എന്നും പനേറ്റ പറഞ്ഞു.