യുവതിയുടെ വയറ്റില്‍ ഗര്‍ഭനിരോധന ഉറകള്‍, ഒന്നല്ല 50 എണ്ണം!

Webdunia
ബുധന്‍, 9 ഫെബ്രുവരി 2011 (15:44 IST)
അമേരിക്കയിലെ ബോസ്‌റ്റണ്‍ വിമാനത്താവളത്തില്‍ സംശയകരമായ സാഹചര്യത്തില്‍ ഒരു യുവതിയെ പൊലീസ് പിടികൂടി. ശാരീരിക പരിശോധനയ്ക്ക് ശേഷം സ്കാനിംഗ് നടത്തിയപ്പോള്‍ പൊലീസ് അധികൃതര്‍ ഞെട്ടി. യുവതിയുടെ വയറിനുള്ളില്‍ ഗര്‍ഭ നിരോധന ഉറകള്‍. അതും ഒന്നും രണ്ടുമല്ല, അമ്പതെണ്ണം.

ഉടന്‍ തന്നെ അവ പുറത്തെടുക്കാനുള്ള നടപടിയുണ്ടായി. പുറത്തെടുത്ത് പരിശോധിച്ചപ്പോഴോ? സംഗതി അല്‍പ്പം ഗുരുതരമാണ്. മാരകമായ കൊക്കെയ്ന്‍ മയക്കുമരുന്ന് ഗര്‍ഭനിരോധന ഉറകളിലാക്കി വിഴുങ്ങിയിരിക്കുകയാണ് യുവതി. ഈ രീതിയിലേക്കുള്ള കള്ളക്കടത്തിനേക്കുറിച്ച് പൊലീസിന് അറിയാമെങ്കിലും ഇത്രയധികം പായ്ക്കറ്റുകള്‍ പിടികൂടുന്നത് ഇതാദ്യമാണ്. അരക്കിലോ കൊക്കെയ്നാണ് 50 പായ്ക്കറ്റുകളിലാക്കി കടത്താന്‍ ശ്രമിച്ചത്.

ന്യൂജഴ്‌സി സ്വദേശിനിയായ ലൂസിയ ഗില്‍(21) ആണ് മയക്കുമരുന്നു കടത്തിന് അറസ്‌റ്റിലായത്‌. ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നും ബോസ്‌റ്റണിലേക്ക് വരികയായിരുന്നു ലൂസിയ ഗില്‍. ഇവര്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് വെളിപ്പെടുത്തി. 25 ലക്ഷം രൂപ വിലവരുന്ന കൊക്കെയ്നാണ് ലൂസിയ കടത്താന്‍ ശ്രമിച്ചത്.

വളരെ അപകടകരമായ ഒരു ദൌത്യമായിരുന്നു ലൂസിയ ഗില്ലിന്‍റേതെന്നാണ് പൊലീസ് ഭാഷ്യം. ഈ കൊക്കെയ്‌ന്‍ പായ്ക്കറ്റുകളില്‍ ഏതെങ്കിലും ഒന്ന് വയറിനുള്ളില്‍ വച്ച് പൊട്ടിയിരുന്നു എങ്കില്‍ ലൂസിയ തത്ക്ഷണം മരിക്കുമായിരുന്നുവത്രെ.