യുഎസ് മെഹ്സൂദിനെ തെരയുന്നു

Webdunia
വ്യാഴം, 2 ഏപ്രില്‍ 2009 (18:26 IST)
താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദിനെ കുറിച്ച് അന്വേഷണം നടത്താന്‍ അമേരിക്ക ആലോചിക്കുന്നു. മെഹ്സൂദ് വാഷിംഗ്ടണ്‍ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ അമേരിക്ക തീരുമാനിച്ചത്.

ലഹോര്‍ പൊലീസ്‌ അക്കാദമി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നടത്തിയ പ്രസ്താവനയിലാണ് വാഷിംഗ്ടണ്‍ ആക്രമിക്കുമെന്ന് മെഹ്സൂദ് ഭീഷണി മുഴക്കിയത്. അമേരിക്ക പാകിസ്ഥാന് നല്‍കുന്ന സഹായം നിര്‍ത്തണമെന്നും രാജ്യത്തിന്‍റെ വടക്കു-പടിഞ്ഞാറന്‍ ഗോത്ര മേഖലയില്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണമെന്നും മെഹ്സൂദ് ആവശ്യപ്പെട്ടിരുന്നു.

മെഹ്സൂദിനെ പിടിച്ച് നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധം, മാരിയറ്റ് ഹോട്ടല്‍ ആക്രമണം തുടങ്ങി നിരവധി തീവ്രവാദ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മെഹ്സൂദായിരുന്നു.