യുഎസ് തടവറയില്‍ ‘ദാഹജലം കിട്ടാതെ അവര്‍ തണുത്ത് നരകിക്കുന്നു‘

Webdunia
വെള്ളി, 29 മാര്‍ച്ച് 2013 (09:10 IST)
PRO
PRO
ഗ്വാണ്ടനാമോ ബേയിലെ യുഎസ് സൈനിക താവളത്തിലെ ജയിലില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നതായി ആരോപണങ്ങള്‍ ശക്തമാണ്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിരാഹാരസമരം നടത്തുന്ന തടവുകാരുടെ സ്ഥിതി അതിലേറെ ഗുരുതരമാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പരാതി. നിരാഹാരസമരം നടത്തുന്നവര്‍ക്ക് ജയില്‍ അധികൃതര്‍ ദാഹജലം പോലും നല്‍കുന്നില്ല എന്നാണ് ജയില്‍ സന്ദര്‍ശിച്ച റെഡ്ക്രോസ് രാജ്യാന്തര കമ്മിറ്റി അംഗങ്ങളോട് തടവുകാര്‍ പരാതിപ്പെട്ടത്.

സെല്ലില്‍ തടവുകാര്‍ തണുത്ത് മരവിച്ചിട്ടും താപനില കൂട്ടാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. കുടിയ്ക്കാന്‍ ശുദ്ധജലം ലഭിക്കാത്തത് മൂലം നിരവധി തടവുകാര്‍ക്ക് വൃക്ക‍, മൂത്രാശയം, വയര്‍ എന്നിവ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചിട്ടുണ്ട് എന്നും മനുഷ്യാവകാശപ്രവര്‍ത്തകരായ അഭിഭാഷകര്‍ വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയില്‍ അറിയിച്ചു.

എന്നാല്‍ ജയില്‍ വക്താവ് ക്യാപ്റ്റന്‍ റോബര്‍ട്ട് ഡുറന്റ് ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. തടവുകാര്‍ക്ക് കുപ്പിവെള്ളവും ശുദ്ധമായ ടാപ്പ് വെള്ളവും നല്‍കുന്നുണ്ട് എന്നും തണുപ്പകറ്റാന്‍ പാകത്തിനുള്ള വസ്ത്രങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗ്വാണ്ടനാമോയിലെ ടാപ്പ് വെള്ളം ഉപയോഗയോഗ്യമല്ല എന്നാണ് വിവരം.