യുഎസില്‍ സ്വവര്‍ഗാനുരാഗം സൈന്യത്തിലും

Webdunia
ബുധന്‍, 20 ഒക്‌ടോബര്‍ 2010 (17:43 IST)
യുഎസ് സൈന്യത്തിലെ സ്വവര്‍ഗാനുരാഗികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. സ്വവര്‍ഗാനുരാഗികളെന്ന് വെളിപ്പെടുത്തുന്നവരെ ജോലിയില്‍ നിന്ന് വിലക്കുന്ന നടപടി നിര്‍ത്തലാക്കണമെന്ന് യുഎസ് ജില്ലാ ജഡ്ജി വിര്‍ജിന ഫിലിപ്സ് ഉത്തരവിട്ടതാണ് സ്വവര്‍ഗാനുരാഗികള്‍ക്ക് തുണയാവുന്നത്.

സ്വവര്‍ഗാനുരാഗത്തെ കുറിച്ച് ‘ചോദിക്കുകയും പറയുകയുമരുത്’ എന്ന നയമായിരുന്നു യുഎസ് സൈന്യത്തില്‍ തുടര്‍ന്നു വന്നത്. സ്വവര്‍ഗാനുരാഗി ആണെന്ന് വെളിപ്പെടുത്തുന്നവര്‍ സര്‍വീസില്‍ നിന്ന് പുറത്തു പോകണം എന്നതായിരുന്നു നിയമം.

ഉത്തരവ് വന്നതിനെ തുടര്‍ന്ന് അപേക്ഷയില്‍ സ്വവര്‍ഗാനുരാഗി എന്ന് വെളിപ്പെടുത്തുന്ന ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കുന്നതിന് സൈന്യം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സൈന്യത്തിന്റെയും കോടതിയുടെയും നിലപാടിനെ യുഎസിലെ സ്വവര്‍ഗാനുരാഗികളുടെ സമൂഹം സ്വാഗതം ചെയ്തു.

എന്നാല്‍, ജില്ലാ ജഡ്ജിയുടെ ഉത്തരവിനെതിരെ യുഎസ് സര്‍ക്കാര്‍ അപ്പീലിനു പോകുമെന്നാണ് സൂചന. അപ്പീലിനു പോവുകയും സ്വവര്‍ഗാനുരാഗികളെ സൈന്യത്തില്‍ നിരോധിക്കണം എന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്താല്‍ സ്വവര്‍ഗാനുരാഗികളുടെ ഇപ്പോഴത്തെ ആഹ്ലാദത്തിന് മങ്ങലേല്‍ക്കും.