ജപ്പാനിലെ അവോഷിമ ദ്വീപിലുള്ളവര്‍ക്ക് പൂച്ചകള്‍ ഒരു ശല്യമായിയിരിക്കുകയാണ്. അവോഷിമ ദ്വീപിലെ പ്രധാന ആകർഷണം പൂച്ചകൾ തന്നെയാണ്. ഇവിടു മനുഷ്യരേക്കാള്‍ കൂടുതല്‍ പൂച്ചകളാണ്. കൂടുതലെന്ന് പറഞ്ഞാല്‍ മനുഷ്യരുടെ എണ്ണത്തിന്റെ ആറിരട്ടി! ജനസംഖ്യ കണക്ക് പ്രകാരം 50 ഓളം മനുഷ്യരാണ് ഈ ദ്വീപിലുള്ളത്. അതേസമയം, പൂച്ചകളുടെ എണ്ണം 500ന് അടുത്തും. ഇക്കാരണം കൊണ്ടുതന്നെ അവോഷിമ ദ്വീപ് അറിയപ്പെടുന്നത് പൂച്ച ദ്വീപ് എന്നാണ്.
കാഴ്ചയില്‍ മനോഹരമായ നിരവധി പൂച്ചകളാണ് ദ്വീപിലുള്ളത്. മനുഷ്യരുമായി വേഗത്തില്‍ സൌഹൃദം സ്ഥാപിക്കുന്ന അവോഷിമയിലെ പൂച്ചകള്‍ കാഴ്ചക്കാര്‍ക്ക് എന്നും കൌതുകമാണ്. ദ്വീപില്‍ ഇത്രയധികം പൂച്ചകള്‍ വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്.
അവോഷിമയിലെ ജനങ്ങളിൽ ഭൂരിഭാഗവും വരുമാനം കണ്ടെത്തിരുന്നത് മൽസ്യബന്ധനത്തിൽ നിന്നുമാണ്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ പിടിച്ചു കൊണ്ട് വരുന്ന മീൻ ഉണക്കി സൂക്ഷിക്കണോ വിൽപ്പന നടത്താനോ കഴിയാത്ത വിധത്തിൽ ദ്വീപിൽ എലികൾ നിറഞ്ഞു. ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി മാറി. അങ്ങനെ എലികളെ തുരത്താന്‍ ദ്വീപ് നിവാസികള്‍ പൂച്ചകളെ കൊണ്ടുവന്നു.
അങ്ങനെ ദ്വീപിൽ പൂച്ചകള്‍ എത്തി. പൂച്ചകൾ വന്നതോടെ എലികള്‍ ഇല്ലാതായി. എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ട് പൂച്ചകളുടെ എണ്ണം വര്‍ധിച്ചു. ഇതൊരു ശല്യമായിരുന്നെങ്കിലും പൂച്ചകള്‍ വർദ്ധിക്കുന്നതിനൊപ്പം തങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും വർദ്ധിച്ചു വരുന്നതായി ദ്വീപ് നിവാസികള്‍ക്ക് തോന്നി. പിന്നീട് അവോഷിമക്കാര്‍ പൂച്ചകളെ ആരാധിക്കാന്‍ തുടങ്ങി.
ഇതൊരു കഥയായി തോന്നുമെങ്കിലും ദ്വീപില്‍ കാര്യങ്ങള്‍ ഇങ്ങനെ തന്നെയാണ്. പൂച്ചദ്വീപ് കാണാനായി വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ടൂറിസത്തിലൂടെ ജനങ്ങളുടെ വരുമാനം വര്‍ധിച്ചു. പൂച്ചകൾക്കായി അവോഷിമ ദ്വീപ് നിവാസികൾ അമ്പലവും സ്മാരകങ്ങളും ഇവിടെ പണിതിട്ടുണ്ട്. ഇതിന് പുറമെ പൂച്ചകളുടെ രൂപത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളും ഏറെ കൗതുകം ഉണർത്തുന്നു. അതേസമയം, പൂച്ചകളുടെ ശത്രുവായ നായകള്‍ക്ക് ദ്വീപിലേക്ക് പ്രവേശനം ഇല്ല.