മകളുടെ കൈകാലുകള്‍ കെട്ടി പട്ടിക്കൂട്ടില്‍ അടച്ചിട്ടു

Webdunia
തിങ്കള്‍, 23 ജനുവരി 2012 (17:01 IST)
പന്ത്രണ്ടുവയസ്സുകാരിയായ മകളെ ക്രൂരമായി ശിക്ഷിച്ച പിതാവിനെതിരേ കേസ്. മകളുടെ കൈകാലുകള്‍ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച ശേഷം പട്ടിക്കൂട്ടില്‍ അടയ്ക്കുകയാണ് ഇയാള്‍ ചെയ്തത്. ഓഹിയോയിലെ സിന്‍സിനാറ്റിയിലാണ് സംഭവമുണ്ടായത്.

മകളെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ജെയിംസ് തപ്കേ(41) എന്നയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ‘പരിധി വിട്ട ഒരു തമാശ‘ മാത്രമാണ് താന്‍ ചെയ്തത് എന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.

ജനുവരി 10-നാണ് തപ്കേ മകളെ ബന്ധിച്ച് വലിയൊരു പട്ടിക്കൂട്ടില്‍ അടച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ 13-കാരനായ സഹോദരന്‍ 20 മിനിറ്റിന് ശേഷം അവളെ തുറന്നുവിട്ടു. പക്ഷേ മകള്‍ തപ്കേയുടെ തലയില്‍ വെള്ളം കോരി ഒഴിച്ചതിന്റെ ദേഷ്യത്തില്‍ അയാള്‍ അവളെ വീണ്ടും പൂട്ടിയിട്ടു. പട്ടിക്കൂട്ടിലേക്ക് വൈദ്യുതി കടത്തിവിടാനും ഇയാള്‍ ശ്രമം നടത്തി. ഒടുവില്‍ മുത്തശ്ശിയുടെ സഹായത്തോടെയാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ കൂട്ടില്‍ അടച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി തപ്കേയും മകനും ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ അത് ഡിലീറ്റ് ചെയ്തു എന്ന് പൊലീസ് പറഞ്ഞു.

മുത്തശ്ശന്റേയും മുത്തശ്ശിയുടേയും സംരക്ഷണയിലാണ് ഈ കുട്ടികള്‍ ഇപ്പോള്‍.