ഭീകരര്‍ ബംഗ്ലാദേശ് വിടുന്നു

Webdunia
ശനി, 21 ഫെബ്രുവരി 2009 (17:47 IST)
ബംഗ്ലാദേശില്‍ തമ്പടിച്ചിരിക്കുന്ന തീവ്രവാദികള്‍ അവിടം വിടുന്നതായി റിപ്പോര്‍ട്ട്. ഷേക്ക് ഹസീനയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തീവ്രവാദികള്‍ക്ക് ബംഗ്ലാദേശ് സുരക്ഷിത കേന്ദ്രമല്ലാതായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യാവിരുദ്ധ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തീവ്രവാദികള്‍ക്കു നേരെയും മറ്റ് ഭീകരര്‍ക്ക് നേരെയും ഹസീന കടുത്ത നടപടികളാണ് സ്വീകരിക്കുന്നത് എന്നാണ് വിവരം. മിക്ക തീവ്രവാദികളും മ്യാന്‍മറിലേക്കാണ് താവളം മാറ്റിയിരിക്കുന്നത്.

ബംഗ്ലാദേശിലെ ക്യാമ്പില്‍ നിന്ന്‌ പലായനം ചെയ്ത 118 വിഘടനവാദികള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബി‌എസ്എഫിന് മുന്‍പാകെ കീഴടങ്ങിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തീവ്രവാദികളും വിഘടനവാദികളും മ്യാന്‍മറിലേക്ക്‌ കടക്കുന്നതായി വിവരം ലഭിച്ചത്.