ബേനസീര്‍: അക്കൌണ്ടുകള്‍ പുനസ്ഥാപിച്ചു

Webdunia
പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുമായി രാഷ്ട്രീയ ധാരണയ്ക്ക് ശ്രമം നടക്കവെ ബേനസീറിന്‍റെ മരവിപ്പിക്കപ്പെട്ട ബാങ്ക് അക്കൌണ്ടുകളില്‍ ചിലത് അധികൃതര്‍ പുനസ്ഥാപിച്ചു. മൂന്ന് ദിവസം മുന്‍പ് ബേനസീറും മുഷറഫും തമ്മില്‍ അബുദാബിയില്‍ വച്ച് രഹസ്യ കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ വാര്‍ത്ത.

ബേനസീര്‍-മുഷറഫ് കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്ത മുഷറഫിന്‍റെ വക്താവ് മേജര്‍ ജനറല്‍ റഷീദ് ഖുറേഷി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ ഇതു സംബന്ധിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു.

ബേനസീറിന്‍റെ മരവിപ്പിക്കപ്പെട്ട ബാങ്ക് അക്കൌണ്ടുകളില്‍ ചിലത് സര്‍ക്കാര്‍ പുനസ്ഥാപിച്ചുവെന്ന് സ്വാകാര്യ ടി വി ചാനലായ ജിയോ ടി വിയും റിപ്പോര്‍ട്ട് ചെയ്തു. 15 ദിവസം മുന്‍പാണ് ബേനസീറിന്‍റെ ബാങ്ക് അക്കൌണ്ടുകള്‍ പുനസ്ഥാപിക്കപ്പെട്ടത്.

1998 ല്‍ നവാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ബേനസീറിന്‍റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചത്. പ്രസിഡന്‍റ് മുഷറഫും ബേനസീറിന്‍റെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മില്‍ അന്തിമ ധാരണയിലെത്തിയ ശേഷം ബാക്കിയുള്ള ബാങ്ക് അക്കൌണ്ടുകള്‍ പുനസ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു.