പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഈജിപ്ത് പോളിംഗ് ബൂത്തിലേക്ക്

Webdunia
ബുധന്‍, 23 മെയ് 2012 (10:18 IST)
PRO
PRO
ഈജിപ്തില്‍ ഇന്നും നാളെയും പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അറബ് വസന്തത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്ത് നടന്ന ജനകീയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ഹോസ്നി മുബാറക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍‌ഗാമിയെ കണ്ടെത്താനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആറ് പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് സ്വന്തന്ത്ര പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ജൂണില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. അറബിലീഗ് നേതാവ് അമര്‍ മൂസ, മുബാറക്കിന്റെ കീഴില്‍ അവസാനത്തെ പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ഷഫീക്, നാസറിസ്റ്റ് സ്ഥാനാര്‍ഥി ഹംദീന്‍സബാഹി, മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി, സ്വതന്ത്ര ഇസ്ലാമിസ്റ്റ് അബ്ദല്‍മൊനിം അബുല്‍ഫോട്ടു തുടങ്ങിയവര്‍ ഉള്‍പ്പെടെ 12 സ്ഥാനാര്‍ഥികളാണ് ഉള്ളത്.

അഞ്ചുകോടി റജിസ്റ്റേര്‍ഡ് വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. അതേസമയം വിദേശത്ത് കഴിയുന്ന ഈജിപ്ത് പൌരന്മാര്‍ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.