പാക്: ചാവേറാക്രമണത്തില്‍ 8 മരണം

Webdunia
വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ഉന്നത പൊലീസ് ഓഫീസറുടെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു.

വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ഉയര്‍ന്ന സുരക്ഷയുള്ള മര്‍ദന്‍ നഗരത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ നാല് പൊലീസുകാരും ഉള്‍പ്പെടുന്നതായി ജില്ലാ പൊലീസ് മേധാവി മൊഹമ്മദ് ഇക്ബാല്‍ ഖാന്‍ പറഞ്ഞു.

ഡെപ്യൂ‍ട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അക്തര്‍ അലി ഷായുടെ വാഹനവ്യൂഹം ലക്‍ഷ്യമിട്ടായിരുന്നു സ്ഫോടനം. ഷാ സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ചാവേറിന്‍റെ തലയും കാലും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ഭീഷണി കണക്കിലെടുത്ത് എല്ലാ പൊലീസ് ഓഫീസര്‍മാരുടെയും സുരക്ഷ ഈയിടെ വര്‍ദ്ധിപ്പിച്ചിരുന്നു.