പാകിസ്ഥാനില്‍ താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Webdunia
ഞായര്‍, 26 ജൂലൈ 2009 (17:36 IST)
പാകിസ്ഥാന്‍റെ വടക്ക് - പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു താലിബാന്‍ കമാന്‍ഡറും രണ്ട് സൈനികരും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഒരു താലിബാന്‍ അനുകൂല പുരോഹിതനേയും ഒന്‍പത് ഭീകരരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാല്‍ഖണ്ഡ് പ്രവിശ്യയില്‍ നടത്തിയ തെരച്ചിലിലാണ് പള്ളി ഇമാം അടക്കം പത്തുപേരെ അറസ്റ്റ് ചെയ്തതെന്ന് സൈന്യം പറഞ്ഞു. സര്‍കാരി ഖില മേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

കമ്പാര്‍ മേഖലയില്‍ നിന്നുള്ള താലിബാന്‍ കമാന്‍ഡര്‍ ആണ് സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വാതില്‍ തുടരുന്ന നടപടിയുടെ ഭാഗമായായിരുന്നു കഴിഞ്ഞ ദിവസത്തെ സൈനിക നീക്കം.