പാകിസ്ഥാനില്‍ ജനിച്ച ശിശുവിന് കാലുകള്‍ ആറ്!

Webdunia
ചൊവ്വ, 17 ഏപ്രില്‍ 2012 (19:17 IST)
PRO
PRO
പാകിസ്ഥാനില്‍ ആറുകാലുകളുള്ള ശിശുജനിച്ചത് ആളുകള്‍ക്ക് കൌതുകമായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാകിസ്ഥാനിലെ ഒരു ഗ്രാമീണ ആശുപത്രിയില്‍ ആറുകാലുള്ള ശിശു ജനിച്ചത്. കുഞ്ഞിനെ വിദഗ്ധ പരിശോധനയ്ക്കായി കറാച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ എത്തിച്ചപ്പോഴാണ് കുഞ്ഞിന് വാര്‍ത്താ പ്രാധാന്യം ലഭിച്ചത്.

കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീഷണത്തിലാണ്. കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും എന്നാല്‍ സര്‍ജിക്കല്‍ ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എന്‍ ഐ സി എച്ച്‌ ഡയറക്ടര്‍ ഡോ ജമാല്‍ റാസ പറഞ്ഞു. കുഞ്ഞിന്‌ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലായതിനാലാണ്‌ ഐ സി യുവില്‍ പ്രവേശിപ്പച്ചതെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ കുഞ്ഞിന് രണ്ട് കാലുകള്‍ മാത്രമേയുള്ളുവെന്ന് ഡോക്ടര്‍ അറിയിച്ചു. ജനിക്കേണ്ടിയിരുന്ന രണ്ടോ മൂന്നോ കുട്ടികളില്‍ ഒരാള്‍ മാത്രം ഗര്‍ഭപാത്രത്തില്‍വച്ച്‌ അതിജീവനം നടത്തിയതാണ്‌. മറ്റുള്ളവരുടെ ചില അവയവങ്ങള്‍ മാത്രമാണ്‌ വികാസം പ്രാപിച്ചത്‌. ഇതാണ്‌ ജനിച്ച കുഞ്ഞില്‍ കാലുകള്‍ പോലെ കാണുന്നത് ഡോക്ടര്‍ റാസ പറഞ്ഞു.
കാലുകള്‍പോലുള്ള അവയങ്ങള്‍ക്ക് പുറമെ കുഞ്ഞിന്‌ ഇരട്ട അവയവങ്ങള്‍ വേറെയും കണ്ടേക്കാം. വിശദമായ പരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയയമാക്കും. കുഞ്ഞ് ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും തങ്ങള്‍ പരമാവധി ശ്രമം നടത്തുമെന്നും ഡോക്ടര്‍ റാസ പറഞ്ഞു.