ന്യൂയോര്‍ക്ക് സിറ്റിയില്‍ 21 വയസായവര്‍ സിഗരറ്റ് വലിച്ചാല്‍ മതി

Webdunia
വെള്ളി, 1 നവം‌ബര്‍ 2013 (13:25 IST)
PRO
ഇരുപത്തൊന്നു വയസ്സില്‍ താഴെയുള്ളവര്‍ക്കു സിഗരറ്റുള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതു വിലക്കിക്കൊണ്ട്‌ ന്യൂയോര്‍ക്ക്‌ സിറ്റി കൗണ്‍സില്‍ നിയമം പുറപ്പെടുവിച്ചു.

നേരത്തെ 18വയസ്സില്‍ താഴെയുള്ളവര്‍ക്കായിരുന്നു വിലക്ക്‌. സിറ്റി കൗണ്‍സില്‍ 10ന്‌ എതിരെ 35 വോട്ടുകള്‍ക്കാണു തീരുമാനം എടുത്തത്. ഇത്രയും വലിയ നഗരത്തില്‍ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായം 21 വയസ്സായി ഉയര്‍ത്തിയ നടപടി യുഎസില്‍ ആദ്യമാണ്‌. നഗരത്തില്‍ 85 ലക്ഷം പേരാണു വസിക്കുന്നത്‌.

' പ്രായം ഉയര്‍ത്തിയത്‌ പുതിയ തലമുറയെ പുകവലി മൂലം ഉണ്ടാകുന്ന രോഗങ്ങളില്‍ നിന്നും ആയുസ്സു കുറയുന്നതില്‍ നിന്നും രക്ഷിക്കാനാണ്‌-മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ്‌ പറഞ്ഞു. ബ്ലൂംബെര്‍ഗിന്റെ പുകയില വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്‌. വ്യക്‌തി സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണെന്നതാണു പ്രധാന വിമര്‍ശനം.