നൂറ്റാണ്ടിന്‍റെ മാംഗല്യം ‘3ഡി’യില്‍ കാണാനാവില്ല!

Webdunia
വെള്ളി, 11 ഫെബ്രുവരി 2011 (15:01 IST)
PRO
‘നൂറ്റാണ്ടിന്‍റെ കല്യാണം’ എന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന വില്യം രാജകുമാരന്‍റെ വിവാഹാഘോഷത്തിന്റെ ത്രിമാന (3ഡി) സം‌പ്രേഷണം ആസ്വദിക്കാനിരുന്ന പ്രേക്ഷകര്‍ക്ക് നിരാശ! വിവാഹ ചടങ്ങുകള്‍ 3ഡിയില്‍ സം‌പ്രേക്ഷണം ചെയ്യാനുള്ള ചാനലുകളുടെ മോഹവും വെറുതെയായി.

ബിബിസി അടക്കമുള്ള ചാനലുകള്‍ 3ഡി സം‌പ്രേക്ഷണം സംബന്ധിച്ച് ബ്രിട്ടീഷ് രാജകുടുംബവുമായി ചര്‍ച്ച നടത്തി വരികയായിരുന്നു. എന്നാല്‍, 3ഡി സം‌പ്രേക്ഷണം ഒഴിവാക്കുന്നതിനായി സ്ഥലപരിമിതി അടക്കമുള്ള നിരവധി കാരണങ്ങളാ‍ണ് കോട്ടാരം നിരത്തുന്നത്.

3 ഡി സം‌പ്രേഷണത്തിനാവശ്യമായ ക്യാമറകള്‍ വയ്ക്കാന്‍ ധാരാളം സ്ഥലം ആവശ്യമാണെന്നും അത് അനുവദിക്കാന്‍ നിര്‍വാഹമില്ലെന്നും കൊട്ടാരം വക്താവ് പറയുന്നു. കൂടാതെ, വളരെ കുറച്ച് ആളുകള്‍ക്കു മാത്രമേ ഈ സൌകര്യം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളുവെന്നും കൊട്ടാരം ചൂണ്ടിക്കാട്ടി. 3ഡി സംപ്രേക്ഷണം വേണ്ടെന്ന തീരുമാനം എടുത്തത് വില്യം രാജകുമാരനോടും അദ്ദേഹത്തിന്‍റെ പ്രതിശ്രുത വധു കേറ്റ് മിഡ്ഡില്‍ടണോടും ആലോചിച്ചാണെന്നും കൊട്ടാരം വക്താവിന്‍റെ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.