നയതന്ത്രജ്ഞയുടെ അറസ്റ്റ്: പ്രശ്നപരിഹാരത്തിന് ഇന്ത്യയും അമേരിക്കയും ശ്രമം തുടങ്ങി

Webdunia
ഞായര്‍, 22 ഡിസം‌ബര്‍ 2013 (11:03 IST)
PRO
PRO
അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കൊബ്രഗഡെയുടെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമം തുടങ്ങി. കടുത്ത സ്വരത്തില്‍ പ്രതികരിച്ചിരുന്ന ഇന്ത്യയും അമേരിക്കയും നിലപാട് മയപ്പെടുത്തി. ചര്‍ച്ച തുടരുമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചതിന് പിന്നാലെ സമാന പ്രതികരണവുമായി യുഎസ് വിദേശകാര്യ വക്താവ് ജെന്‍ സാകി വാഷിംഗ്‌ടണില്‍ പ്രസ്താവനയിറക്കി. അതേസമയം, ദേവയാനിക്കെതിരെയുള്ള വിസ തട്ടിപ്പ് കേസ് തുടരുമെന്നും അമേരിക്ക വ്യക്തമാക്കി.

ഒരൊറ്റ സംഭവം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തെ ബാധിക്കാന്‍ ഇരുകൂട്ടരും ആഗ്രഹിക്കില്ലെന്ന് ഖുര്‍ഷിദ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു. അമേരിക്കയുമായി ഇന്ത്യയ്ക്കുള്ളത് പ്രത്യേകമായ, വിലപിടിച്ച ബന്ധമാണ്. പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ പലതട്ടുകളില്‍ സംഭാഷണങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്കയ്ക്ക് നമ്മോടുള്ളതും അങ്ങനെയാണെന്നാണ് പ്രതീക്ഷയെന്നും ഖുര്‍ഷിദ് പറഞ്ഞു. ദേവയാനി പ്രശ്‌നം അമേരിക്കയുമായുള്ള വാണിജ്യബന്ധത്തെ ബാധിക്കില്ലെന്ന് വാണിജ്യമന്ത്രി ആനന്ദ് ശര്‍മയും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്ര വിലപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ് ഖുര്‍ഷിദിന്റെ പ്രതികരണമെന്ന് ജെന്‍ സാകി പറഞ്ഞു. അതുകൊണ്ടുതന്നെ നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരും. യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ഉടന്‍ ചര്‍ച്ച നടത്തും.

യുഎന്‍ ദൗത്യസംഘത്തിലുള്ള സമയത്ത് ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ലഭിക്കും. എന്നാല്‍ മുന്‍കാലത്തെ കേസുകള്‍ക്ക് പരിരക്ഷ ഉണ്ടാവില്ല. അനിശ്ചിതകാലത്തേക്ക് വിചാരണയില്‍നിന്ന് ഒഴിവാകാനും സാധിക്കില്ല.