നമ്മള്‍ ചൊവ്വയില്‍ നിന്ന് വന്നതാണോ?

Webdunia
വ്യാഴം, 24 മാര്‍ച്ച് 2011 (16:14 IST)
PRO
PRO
മനുഷ്യന്‍ ചൊവ്വാഗ്രഹത്തില്‍ നിന്ന് ഭൂമിയിലേക്ക് വന്നതാവാമെന്ന് ശാസ്ത്രജ്ഞരുടെ നിഗമനം. ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള പഠനങ്ങള്‍ നടക്കുന്നതിനിടെയാണ് വ്യത്യസ്തമായ ഈ നിരീക്ഷണം പുറത്തുവന്നിരിക്കുന്നത്.

ഹവാഡ് സര്‍വകലാശാലയിലെയും മസാച്ചുസാറ്റ്സ് ഇന്‍സ്‌റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഗവേഷകരാണ് ഈ നിഗനമത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ ആദ്യപടിയിലാണിവര്‍. കണ്ടെത്തല്‍ ഉറപ്പിക്കുന്നതിനായി ഒരുപകരണം ഇവര്‍ വികസിപ്പിക്കുന്നുണ്ട്. സെര്‍ച്ച് ഫോര്‍ എക്സ്ട്രാ- ടെറസ്ട്രിയല്‍ ജീനോംസ് എന്നാണ് ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്.

ചൊവ്വയിലെ മണ്ണിന്റെ സാമ്പിള്‍ ശേഖരിച്ച് അതില്‍ ഡിഎന്‍എയോ ആര്‍എന്‍എയോ ഉണ്ടോ എന്ന് പരിശോധിക്കും. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് മണ്ണ് കുഴിച്ചെടുക്കുകയാണ് ചെയ്യുക.

ഭൂമില്‍ ഉപയോഗിക്കുന്ന ഫോറന്‍സിക് ഡിഎന്‍എ ടെസ്‌റ്റ് തന്നെയാണ് ഇവിടെയും പരീക്ഷിക്കുക. മനുഷ്യരാശിയെക്കുറിച്ച് എന്തെങ്കിലും സൂചനകള്‍ ലഭിക്കുമോ എന്നറിയാനാണിത്. ചൊവ്വയില്‍ പിറവിയെടുത്ത മനുഷ്യാ‍രാശി പിന്നീട് ഉല്‍‌ക്കാശിലയ്ക്കൊപ്പം ഭൂമിയില്‍ എത്തുകയായിരുന്നു എന്നാണ് നിഗമനം.

അങ്ങനെയെങ്കില്‍ ഭാവിയില്‍ ചൊവ്വയെക്കുറിച്ച് നടത്തുന്ന പഠനങ്ങളില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തേണ്ടി വരും. സൌരയൂഥത്തിന്റെ ആദ്യകാലങ്ങളില്‍ ചൊവ്വയിലും ഭൂമിയിലും സമാനമായ കാലാവസ്ഥയായിരുന്നു. അതിനാല്‍ ഭൂമിയിലെ ജീവജാലങ്ങള്‍ ചൊവ്വയിലും ഉണ്ടായിരുന്നിരിക്കാം എന്നാണ് കരുതപ്പെടുന്നത്.