തമിഴര്‍ക്കായി പുതിയ പദ്ധതി ഉടന്‍: രജപക്സ

Webdunia
വ്യാഴം, 28 ജനുവരി 2010 (16:27 IST)
PRO
ഭിന്നിച്ചുനില്‍ക്കുന്ന തമിഴര്‍ക്കായുള്ള രാഷ്ട്രീയ പരിഹാര പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ലങ്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട മഹീന്ദ രജപക്സ വ്യക്തമാക്കി. തമിഴ് നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും പദ്ധതിക്ക് അന്തിമരൂപം നല്‍കുകയെന്നും രജപക്സ പറഞ്ഞു.

ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രജപക്സ. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം തമിഴ്നേതാക്കളുമായി പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുമെന്ന് രജപക്സ വ്യക്തമാക്കി. തമിഴ്ജനതയുടെ വോട്ടുകള്‍ രജപക്സയ്ക്ക് ലഭിച്ചിട്ടില്ലെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍ നിരവധി വര്‍ഷം വോട്ടു ചെയ്യാതിരുന്നവര്‍ അത് ചെയ്യാന്‍ തയ്യാറായതു തന്നെ നല്ല കാര്യമാണെന്നായിരുന്നു രജപക്സയുടെ മറുപടി.

തമിഴരുടെ അധികാരം സംബന്ധിച്ച രജപക്സെയുടെ മുന്‍ പദ്ധതിയെക്കുറിച്ച് ചോദിക്കവേ ശ്രീലങ്കന്‍ രീതിയിലുള്ള ഒരു രാഷ്ട്രീയ പരിഹാരമായിരിക്കും ഇതെന്നായിരുന്നു രജപക്സയുടെ മറുപടി.

തമിഴര്‍ക്കായുള്ള പദ്ധതിക്ക് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് ശ്രീലങ്കയെ എപ്പോഴും ന്യൂഡല്‍ഹി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് രജപക്സ ചൂണ്ടിക്കാട്ടി. എന്നാല്‍ തമിഴ് വിഷയം ലങ്കയുടെ ആഭ്യന്തര പ്രശ്നമാണെന്ന് ഇന്ത്യന്‍ സര്‍ക്കാരിനറിയാമെന്നും രജപക്സ കൂട്ടിച്ചേര്‍ത്തു.

തമിഴര്‍ക്കായി അവതരിപ്പിക്കപ്പെടുന്ന ഏതൊരു പദ്ധതിക്കും ഭൂരിപക്ഷ പിന്തുണ ആവശ്യമാണെന്നും ഇല്ലെങ്കില്‍ ഇത് ഫലം കാണാതെ പോകുമെന്നും രജപക്സ കൂട്ടിച്ചേര്‍ത്തു.