തന്നെ ഭാര്യമാര്‍ തല്ലിയിട്ടുണ്ടെന്ന് ജയിംസ് ബോണ്ട്!

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2012 (20:11 IST)
PRO
വില്ലന്‍‌മാരെ ഇടിച്ച് പപ്പടമാക്കുന്ന ജെയിംസ് ബോണ്ടായി അഭിനയിക്കുന്ന താരത്തിന് സ്വന്തം ജീവിതത്തില്‍ ഭാര്യമാരുടെ തല്ല് കിട്ടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ഒരു ചാനലില്‍ നടന്ന അഭിമുഖത്തിലാണ് പഴയ ജെയിംസ് ബോണ്ട് നായകന്‍ റോജര്‍ മൂര്‍ തന്റെ ഭാര്യമാരുടെ ആക്ഷന്‍ രംഗങ്ങള്‍ വെളിപ്പെടുത്തിയത്.

പഴയ ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ സൂപ്പര്‍ നായകനാണ് റോജര്‍ മൂര്‍. പിയേഴ്‌സ് മോര്‍ഗാന്‍സിന്റെ ഐ‌ടിവി ഷോയായ ലൈഫ് സ്‌റ്റോറിയില്‍ സംസാരിക്കവേയാണ് ഭാര്യമാര്‍ താനുമായി നടത്തിയ സംഘട്ടനങ്ങളെക്കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ നാലു തവണ വിവാഹിതനായ മൂറിന്‍റെ ആദ്യ രണ്ട് ഭാര്യമാ‍രായ ഡൂണ്‍ വാന്‍ സ്‌റ്റെയന്‍, ഡോറൊത്തി സ്കൊയെഴ്സ് എന്നിവര്‍ തന്നെ ശാരീ‍രികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് മൂര്‍ പറഞ്ഞത്.

ആദ്യ ഭാര്യ ഡൂണ്‍ താന്‍ ദേഷ്യപ്പെട്ടപ്പോള്‍ തനിക്കെതിരെ ചായക്കപ്പ് വലിച്ചെറിഞ്ഞിട്ടുണ്ടെന്നും കൂടാതെ തന്നെ മാന്തിപ്പറിച്ചെന്നും മൂര്‍ പറഞ്ഞു. വഴക്കിനൊടുവില്‍ താന്‍ ഡൂണിനെ വിട്ട് പോകുമെന്ന് പറഞ്ഞപ്പോള്‍ ഡൂണ്‍ കുളിക്കാന്‍ പോയെന്നും ബാത്‌റൂമില്‍ യാത്ര പറയാന്‍ ചെന്ന തന്നെ ഡൂണ്‍ വെള്ളത്തില്‍ കുളിപ്പിച്ചാണ് വിട്ടതെന്നും മൂര്‍ പറഞ്ഞു. അതോടു കൂടി ആ ബന്ധം താന്‍ ഉപേക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഭാര്യ ഡൊറൊത്തി തന്നെ ഗിത്താര്‍ ഉപയോഗിച്ച് അടിച്ചിട്ടുണ്ടെന്നാണ് മൂര്‍ വെളിപ്പെടുത്തിയത്. ഒരിക്കല്‍ ഭാര്യയുമായി വഴക്കിട്ടതിനുശേഷം കസേരയില്‍ ഇരുന്നപ്പോഴാണ് ഡൊറൊത്തി ഗിത്താറുകൊണ്ട് തന്റെ തലയില്‍ അടിച്ചതെന്ന് മൂര്‍ പറഞ്ഞു. ഏറെ നാളത്തെ ഈ ദാമ്പത്യബന്ധം അവസാനിപ്പിച്ച മൂര്‍ മൂന്നാമതായി ലൂസിയയെയും നാലാമതായി ക്രിസ്‌റ്റീനയെയും വിവാഹം കഴിച്ചു. ഇവര്‍ രണ്ട് പേരും തന്നെ ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്നാണ് മൂര്‍ പറഞ്ഞത്.

എന്തായാലും സിനിമയില്‍ വില്ലന്മാരുടെ നടുവൊടിക്കുന്ന ജെയിംസ് ബോണ്ട് ആദ്യ ഭാര്യമാരുടെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ ആസ്വദിച്ചാണ് അഭിമുഖത്തില്‍ പങ്കുവച്ചത്.