ചൈനീസ് ദമ്പതികള്‍ക്ക് ഇനി ആശ്വാസിക്കാം, കുട്ടികള്‍ എത്രയായാലും കുഴപ്പമില്ല

Webdunia
ശനി, 28 ഡിസം‌ബര്‍ 2013 (14:39 IST)
PRO
കുടുംബത്തില്‍ ഒരു കുട്ടിയേ പാടുള്ളൂവെന്ന കര്‍ക്കശ നിയമം ചൈന മാറ്റുന്നു. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.

ഈ ഭേദഗതിക്ക് ഇനി പാര്‍ലമെന്റിന്റെ അനുമതി കൂടിയേ ആവശ്യമുള്ളൂ. എന്നാല്‍ ദമ്പതികള്‍ ഇരുവരും അവരുടെ മാതാപിതാക്കളുടെ ഒറ്റക്കുട്ടിയായിരിക്കണമെന്ന നിബന്ധനയുണ്ട്. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഒരു മാസം മുന്‍പ് നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ഇത്തരമൊരു ഭേദഗതി പാസാക്കാന്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തയ്യാറായത്.

അതുപോലെ മനുഷ്യാവകാശ സംഘടനകളുടെ വലിയ എതിര്‍പ്പിന് പാത്രമായ തൊഴില്‍ ക്യാമ്പുകള്‍ നിര്‍ത്തലാക്കാനും പീപ്പിള്‍സ് കോണ്‍ഗ്രസ് തീരുമാനിച്ചു. രാജ്യത്ത് യുവാക്കളുടെ എണ്ണം ആശങ്കാജനകാംവണ്ണം കുറഞ്ഞുതുടങ്ങിയതാണ് 1970ല്‍ കൊണ്ടുവന്ന നിയന്ത്രണത്തോട് വിടപറയാന്‍ ചൈനീസ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. 2050 ഓടെ ജനസംഖ്യയുടെ കാല്‍ഭാഗവും അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജോലിക്ക് ആളുകളെ കിട്ടാതാവുന്ന ഒരു സാഹചര്യവും ചൈനയുടെ മുന്നിലുണ്ട്. അതുപോലെ പ്രായം ചെന്നവരുടെ സംരക്ഷണവും രാജ്യത്ത് വലിയൊരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്.