ചര്‍ച്ചകള്‍ക്ക് തയ്യാര്‍: ഗിലാനി

Webdunia
ശനി, 31 ഒക്‌ടോബര്‍ 2009 (20:58 IST)
PRO
ഉഭയകക്ഷി ചര്‍കള്‍ക്കായുള്ള ഇന്ത്യയുടെ ക്ഷണത്തെ താല്‍പ്പര്യത്തൊടെയാണ് കാണുന്നതെന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റന്‍ പ്രസ്താവിച്ച പശ്ചാത്തലത്തിലാണ് ഗിലാനിയുടെ പ്രസ്താവന.

യുദ്ധം ഒരിക്കലും ശാശ്വത പരിഹാരമല്ല. ചര്‍ച്ചകള്‍ മാത്രമാണ് പരിഹാരം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെ പ്രസ്താവനയെ താല്‍‌പര്യത്തൊടെയാണ് കാണുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലപ്രദമാവണമെങ്കില്‍ മുഖ്യ പ്രശ്നമായ കശ്മീരിനെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണമെന്നും ഗിലാനി പറഞ്ഞു.

പ്രധാനപ്രശ്നങ്ങളില്‍ പരിഹാരം കാണാതെ മേഖലയില്‍ ശാശ്വത സമാധാനം സാധ്യമാവില്ലെന്നും ഗിലാനി പറഞ്ഞു. കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ പെഷവാറില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗിലാനി.

ഇന്ത്യ-പാക് ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിക്കില്ലെന്ന് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ ഉറച്ച നിലപാടെടുത്തതാണ് പാകിസ്ഥാന്‍റെ പെട്ടെന്നുള്ള മനം‌മാറ്റത്തിന് കാരണം.