'ഗേ’യെക്കാള്‍ നല്ലത് സ്ത്രീകള്‍: ബര്‍ലൂസ്കോണി

Webdunia
ബുധന്‍, 3 നവം‌ബര്‍ 2010 (15:51 IST)
ഇറ്റാലിയന്‍ പ്രധാനമന്ത്രി ബര്‍ലൂസ്കോണിക്ക് സ്ത്രീകളോടുള്ള അഭിനിവേശം സൃഷ്ടിക്കുന്ന വിവാദങ്ങള്‍ അടങ്ങുന്നില്ല. സുന്ദരികളാ‍യ പെണ്‍കുട്ടികളെ പ്രണയിക്കുന്നതാണ് സ്വവര്‍ഗ പ്രണയത്തെക്കാള്‍ നല്ലത് എന്ന് ബര്‍ലൂസ്കോണി നടത്തിയ പ്രസ്താവന അദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധത്തിന് ശക്തി കൂട്ടിയിരിക്കുകയാണ്.

ബെര്‍ലൂസ്കോണി മിലാന്‍ വ്യാപാരമേളയില്‍ വച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താ‍വനയാണ് വിവാദത്തിനു ചൂടു കൂട്ടിയത്. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന സ്ത്രീകളെയും സ്വവര്‍ഗ സ്നേഹികളെയും ഒരുപോലെ അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ പക്ഷം. പ്രധാനമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന് സ്വവര്‍ഗാനുരാഗികളുടെ സംഘടന ആവശ്യപ്പെടുകയും ചെയ്തു.

പണത്തിനു വേണ്ടി പ്രധാനമന്ത്രിയുമായി കിടക്ക പങ്കിട്ടു എന്ന് റൂബി എന്ന പതിനെട്ടുകാരി മൊറോക്കന്‍ മോഡല്‍ വെളിപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രിയുടെ വസതിയിലെ സന്ദര്‍ശകയായിരുന്ന റൂബിയെ ഒരിക്കല്‍ ഒരു മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തപ്പോള്‍ ബര്‍ലൂസ്കോണി ഇടപെട്ട് മോചിപ്പിച്ചു എന്നും ആരോപണമുണ്ട്.

എന്നാല്‍, പ്രധാനമന്ത്രി ആരോപണങ്ങളോട് ലാഘവത്തോടു കൂടിയുള്ള പ്രതികരണമാണ് നടത്തിയതെന്നും അദ്ദേഹത്തിന്റെ പ്രസ്താവന തമാശയായി കാണമെന്നുമാണ് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാട്.