ഗാസയില്‍ ദുരിതാശ്വാസ നടപടികള്‍ ആരംഭിച്ചു

Webdunia
ഞായര്‍, 25 ജനുവരി 2009 (11:13 IST)
ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത് ദുരിതാശ്വാസ നടപടികള്‍ ആരംഭിച്ചുവെന്ന് ഹമാസ്. പുനരുദ്ധരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞ ഗാസയില്‍ ആക്രമണത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും ഭവനരഹിതരായവര്‍ക്കുമുള്ള ധനസഹായ വിതരണവും തുടങ്ങിക്കഴിഞ്ഞു.

ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ പ്രദേശങ്ങളില്‍ നിന്നും കല്ലും മണ്ണും നീക്കം ചെയ്തു തുടങ്ങി. തകര്‍ന്ന കെട്ടിടങ്ങള്‍, തുരങ്കങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണങ്ങളും തുടങ്ങി. ഗാസ പുനരുദ്ധാരണത്തിന് യു.എസ് സാമ്പത്തികസഹായം കൂടാതെ മുസ്ലീം രാജ്യങ്ങളില്‍ നിന്നും ഹമാസിന് സാമ്പത്തിക സഹായം കിട്ടിയിട്ടുണ്ടെന്നാണ് അറിവാകുന്നത്.

മരിച്ചവരുടെ കുടുംബത്തിന് 1300, പരിക്കേറ്റവര്‍ക്ക് 650, ഭവനരഹിതര്‍ക്ക് 5200 ഡോളര്‍ വീതമാണ് നല്‍കുന്നത്. ഗാസ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 5.2 കോടി യു.എസ് ഡോളര്‍ മുടക്കുമെന്ന് ഹമാസ് പറഞ്ഞു. ഗാസ പുനരുദ്ധാരണത്തിന് ഫണ്ട് സമാഹരിക്കുന്നതിനായി ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങളിലൂടെ ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഭ്യര്‍ത്ഥനകള്‍ നടത്തുണ്ട്.