ആരാണു നിങ്ങള്‍? മൊബൈല്‍ പറയും!

Webdunia
ഞായര്‍, 30 ജനുവരി 2011 (14:55 IST)
PRO
‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്നാണ് പഴഞ്ചൊല്ല്. ഇത് ‘മൊബൈല്‍ കണ്ടാല്‍ ആളെ അറിയാം’ എന്നാക്കിമാറ്റിയാലും കുഴപ്പമില്ല എന്നാണ് ഒരു പുതിയ പഠനം തെളിയിക്കുന്നത്. മൊബൈല്‍ ഫോണ്‍ അതിന്റെ ഉടമയെ കുറിച്ച് ഏറെ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ഓസ്ട്രേലിയന്‍ സാമൂഹിക ശാസ്ത്രജ്ഞനായ ഡേവിഡ് ചോക്ക് അഭിപ്രായപ്പെടുന്നു.

മുമ്പ് കാറുകളാണ് ഒരാളെ കുറിച്ചുള്ള ഏകദേശ ധാരണ തന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനം മൊബൈല്‍ ഫോണുകള്‍ക്കാണ്. മൊബൈലുകള്‍ അതിന്റെ ഉടമകളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള ഏകദേശ ധാരണ നല്‍കുമെന്നാണ് ചോക്ക് അഭിപ്രായപ്പെടുന്നത്.

ചോക്ക് മൊബൈല്‍ ഉപയോക്താക്കളെ വേര്‍തിരിക്കുന്നത് ഇനിപ്പറയുന്ന രീതിയിലാണ്; ഐഫോണ്‍ ഉപയോക്താക്കള്‍ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ജീവിതം നിയന്ത്രിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതേസമയം, സോണി എറിക്സണ്‍ ഉപയോക്താക്കള്‍ സാമൂഹിക ജീവിതവും ഫാസ്റ്റ്ഫുഡും ഇഷ്ടപ്പെടുന്നവരാണ്.

എല്‍ജി മൊബൈലുകള്‍ ഉപയോഗിക്കുന്നവരില്‍ കൂടുതലും 14 നും 24 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായിരിക്കും. ഇവരില്‍ ഭൂരിഭാഗവും യാന്ത്രിക ജീവിതം നയിക്കുന്നവരുമായിരിക്കും.

അതേസമയം, സാംസംഗ് ഉപയോക്താക്കള്‍ പരമ്പരാഗത ശൈലിയില്‍ വസ്ത്രം ധരിക്കുന്നവരും അമ്പതിനു മുകളില്‍ പ്രായമുള്ളവരുമായിരിക്കും. ഇവര്‍ ജീവിതത്തില്‍ പരീക്ഷണങ്ങള്‍ നേരിടാന്‍ തയ്യാറാവുകയില്ല.

ബ്ലാക്ബറി ഉപയോക്താക്കളാവട്ടെ നല്ല സമ്പാദ്യമുള്ളവരായിരിക്കും. ഇവരില്‍ ഭൂരിഭാഗവും 35 നും 49 നും ഇടയില്‍ പ്രായമുള്ളവരായിരിക്കും. നോക്കിയ ഉപയോക്താക്കള്‍ 24 വയസ്സിനു മുകളിലുള്ളവരും സുരക്ഷ ഇഷ്ടപ്പെടുന്നവരുമായിരിക്കും.