ആയുധങ്ങളെ കുറിച്ച് വെളിപ്പെടുത്തണം: ആംനസ്റ്റി

Webdunia
ശനി, 24 ജനുവരി 2009 (11:58 IST)
മൂന്നാഴ്ച നീണ്ടുനിന്ന ഗാസ ആക്രമണത്തില്‍ ഇസ്രയേല്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. പലസ്തീനില്‍ ഗുരുതരമായ വെറ്റ് ഫോസ്ഫറസ് ഷെല്ലുകള്‍ ഇസ്രായേല്‍ ഉപയോഗിച്ചതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു.

ഉപയോഗിച്ച ആയുധങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞാല്‍ മാത്രമേ പരുക്കേറ്റവര്‍ക്ക് അനുയോജ്യമായ ചികിത്സ ലഭ്യമാക്കാന്‍ കഴിയൂ എന്ന് പലസ്തീനിലെ ആംനസ്റ്റി തലവന്‍ ഡൊണടെല്ല റിവേര പറഞ്ഞു.

ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി പൊള്ളലേല്‍പ്പിക്കുകയും ആന്തരികാവയങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയും മരണത്തിനുപോലും കാരണമാകുകയും ചെയ്യുന്ന വൈറ്റ് ഫോസ്ഫറസിന്റെ ഇരുന്നൂറോളം ഷെല്ലുകള്‍ ജനവാസ പ്രദേശങ്ങളിലും ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലും ഇസ്രായേല്‍ പ്രയോഗിച്ചുവെന്നാണ് ഹമാസ് ആരോപിക്കുന്നത്. യുദ്ധസമയത്ത് ഇത്തരം ഷെല്ലുകള്‍ പ്രയോഗിച്ച സമയത്ത് തീ കെടുത്താനായി വെള്ളം ഉപയോഗിച്ചത് തീപിടിത്തത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുകയും തന്മൂലം പൊള്ളലേറ്റവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്നും ആംനസ്റ്റി അറിയിച്ചു. ഇങ്ങനെ ശരീരത്തില്‍ 15 ശതമാനത്തിലധികം പൊള്ളലേറ്റാല്‍ രോഗി മരിക്കുന്നതിനുവരെ ഇത് കാരണമാകും.

ഇതു കൂടാതെ ഗാസയില്‍ നിരവധി പോലിസ് സ്റ്റേഷനുകള്‍, ഓഫീസുകള്‍, യൂണിവേഴ്സിറ്റി കെട്ടിടങ്ങള്‍ എന്നിവയും ആക്രമണത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇസ്രായേല്‍ നിഷേധിച്ചു.