ആകാശത്ത് ഉപഗ്രഹങ്ങള്‍ കൂട്ടിയിടിച്ചു

Webdunia
വ്യാഴം, 12 ഫെബ്രുവരി 2009 (13:23 IST)
റഷ്യയും അമേരിക്കയും വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു. ഇതാദ്യമാണ് ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ കൂട്ടിയിടിക്കുന്നത്. 1997ല്‍ അമേരിക്ക വിക്ഷേപിച്ച വാണിജ്യ ഉപഗ്രഹമായ ഇറിഡിയവും 1993ല്‍ റഷ്യ വിക്ഷേപിച്ച ഉപഗ്രഹവുമാണ് കൂട്ടിയിടിച്ചത്. സൈബീരിയയ്ക്കു 780 കിലോമീറ്റര്‍ മുകളിലായിരുന്നു അപകടം. ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന ഉപഗ്രഹങ്ങള്‍ ആയിരുന്നു രണ്ടും.

റഷ്യന്‍ ഉപഗ്രഹം നിയന്ത്രണം നഷ്ടപ്പെട്ട് പ്രവര്‍ത്തനരഹിതമായ നിലയില്‍ ആയിരുന്നു. കൂട്ടിയിടി മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ ബാ‍ധിക്കും എന്നു സൂചനയുണ്ട്. മൊബൈല്‍ ഫോണുകളെ നിയന്ത്രിക്കുന്ന 65 ചെറു ഉപഗ്രഹങ്ങള്‍ ഇറിഡിയത്തില്‍ ഉണ്ടായിരുന്നു. 560 കിലോഗ്രാമാണ് ഇതിന്‍റെ ഭാരം. റഷ്യന്‍ ഉപഗ്രഹത്തിന് ഒരു ടണ്ണോളം ഭാരം വരും.

ഇടിയുടെ ആഘാതം അറിയാന്‍ ആഴ്ചകള്‍ എടുക്കുമെന്ന് നാസ അറിയിച്ചു. തകര്‍ന്ന ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കൂട്ടയിടി ബഹിരാകാശദൌത്യങ്ങളെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് നാസ. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്ന് നാസ വൃത്തങ്ങള്‍ അറിയിച്ചു.