ആകാശത്തും വെള്ളത്തിലും മഞ്ഞിലും യാത്ര ചെയ്യാവുന്ന വിമാനം!

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2012 (16:31 IST)
PRO
PRO
ജെയിംസ് ബോണ്ടിന്റെ ഡബിള്‍ സീറ്റര്‍ വിമാനത്തെ അനുസ്‌മരിപ്പിക്കുന്ന വിമാനം യുഎസിലെ ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു. ആകാശത്തും കടലിലും മഞ്ഞിലും ഒരു പോലെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വിമാനത്തിന്റെ മാര്‍ക്കറ്റ് വില 3,50,000 ഡോളറാണ്.

ലിസ എക്കോയ എന്നു പേരിട്ടിരിക്കുന്ന ഈ വിമാനത്തിന് ഒറ്റ പറക്കലില്‍ 2,011 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. 135 മുതല്‍ 155 മൈല്‍ സ്‌പീഡില്‍ വിമാനത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. കരയില്‍ പറന്നിറങ്ങുമ്പോള്‍ പാതയുമായി വിമാനത്തിന്റെ ടയറുകള്‍ക്ക് പരസ്‌പരാകര്‍ഷണം കൂടുതലാണ്.

ജലത്തിലൂടെ സഞ്ചരിക്കുവാന്‍ ഹൈഡ്രോ ഫോയിലാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞിലൂടെ സുഖകരമായി പോകുവാന്‍ സാധിക്കുന്ന തരത്തിലുള്ള സ്‌കൈ ബ്ലേഡുകളും ഘടിപ്പിച്ചിരിക്കുന്നു. വിമാനത്തിന്റെ എഞ്ചിനും പൈലറ്റ് ക്യാബിനും ഉയരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൊടുന്നനെ ജലത്തില്‍ പറന്നിറങ്ങുമ്പോള്‍ പൈലറ്റുമാര്‍ക്ക് അപകടം സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്.

വിമാനം ഇതുവരെ 70 പരീക്ഷണ പറക്കലുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം വിന്‍‌കോന്‍സില്‍ നടന്ന എയര്‍ വെഞ്ച്വര്‍ ഓഷ്‌കോഷ് ഷോയില്‍ വിമാനം പ്രദര്‍ശിപ്പിച്ചിരുന്നു. 2014ല്‍ യൂറോപ്പിലും അമേരിക്കയിലും ഇത് മാര്‍ക്കറ്റിലെത്തിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.