അതിര്‍ത്തിതര്‍ക്കം പരിഹരിക്കാമെന്ന് ചൈന

Webdunia
വെള്ളി, 17 മെയ് 2013 (09:14 IST)
PRO
PRO
ലഡാക്കിലേതുള്‍പ്പെടെ ഇന്ത്യയുമായുള്ള അതിര്‍ത്തിതര്‍ക്കങ്ങള്‍ പരിഹരിക്കാമെന്ന് ചൈന. പ്രധാനമന്ത്രി ലീ കെക്യാഗിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ചൈന ഇക്കാര്യം അറിയിച്ചത്. 19-ന് എത്തുന്ന ലീ മൂന്നുദിവസം ഇന്ത്യയിലുണ്ടാകും. സ്ഥാനമേറ്റശേഷം ലീ സന്ദര്‍ശിക്കുന്ന ആദ്യ വിദേശരാജ്യമാണ് ഇന്ത്യ.

ഇന്ത്യയുടെ വ്യാപാരക്കമ്മി സംബന്ധിച്ച ആശങ്കകള്‍ പരിഗണിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനീസ് വിപണി കൂടുതല്‍ തുറന്നുകൊടുക്കുമെന്നും ചൈനീസ് വാണിജ്യ സഹമന്ത്രി ജിയാങ് യാവോപിങ് വ്യക്തമാക്കി. ചൈനയിലെ വ്യാപാര-നിക്ഷേപക പ്രോത്സാഹക മിഷന്‍ അംഗങ്ങളും ലീയെ അനുഗമിക്കും. ചൈന ദക്ഷിണേഷ്യന്‍ ഉത്പന്നങ്ങള്‍ക്കുവേണ്ടിയുള്ള ട്രേഡ് ഫെയര്‍ ജൂണ്‍ ആറുമുതല്‍ 10 വരെ കുന്‍മിങ്ങില്‍ സംഘടിപ്പിക്കുമെന്നും ഇതില്‍ ഇന്ത്യ പങ്കെടുക്കുമെന്നും യാവോപിങ് അറിയിച്ചു.

ഇന്ത്യയുമായി ഒരുപാട് പ്രശ്‌നങ്ങളുണ്ടെങ്കിലും ഒരുമിക്കാവുന്ന പല താത്പര്യങ്ങളും ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി സോങ് താവോ പറഞ്ഞു. മത്സരത്തേക്കാള്‍ സഹകരണമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ശക്തമായ സുഹൃദ്ബന്ധം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും താവോ വ്യക്തമാക്കി.