ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിലാണ്? ഏതെന്നറിയാമോ?

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2022 (20:06 IST)
ഹിന്ദുവിശ്വാസികൾക്ക് നിരവധി ശ്രീകൃഷ്ണൻ,മഹാവിഷ്ണു,ശിവൻ,മുരുകൻ, എന്ന് തുടങ്ങി നിരവധി ആരാധനാമൂർത്തികളാണുള്ളത്. നിരവധി ദേവികളെയും ദേവന്മാരെയും ഹിന്ദു വിശ്വാസികൾ ആരാധിക്കുന്നു. മഹാഭാരതത്തിലെ കാര്യമെടുത്താൽ പഞ്ചപാണ്ഡവന്മാർക്കും ഇന്ത്യയിൽ വിവിധ ഇടങ്ങളിൽ ക്ഷേത്രങ്ങളുണ്ട്. 
 
എന്നാൽ മഹാഭാരതത്തിൽ പാണ്ഡവരുടെ ശത്രുപക്ഷത്തുള്ള കൗരവരിലെ ഏറ്റവും പ്രധാനിയായ ദുര്യോധനനെ ആരാധിക്കുന്ന ക്ഷേത്രം ഇന്ത്യയിലുണ്ടെന്ന് എത്രപേർക്കറിയാം. എങ്കിൽ ദക്ഷിണേന്ത്യയിൽ ദുര്യോധനനെ ആരാധിക്കുന്ന ഏക ക്ഷേത്രം കേരളത്തിലാണ്. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പെരുവിരുത്തി മലനട ക്ഷേത്രത്തിലാണ് ദുര്യോധനനെ ആരാധിക്കുന്നത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്
 
തെക്കൻ കേരളത്തിൽ കുറുവരുടേതായി കാണപ്പെടുന്ന ആയിരത്തിലധികം ആരാധന ഇടങ്ങൾ അറിയപ്പെടുന്നത് മലനട എന്ന പേരിലാണ്. അത്തരത്തിലാണ് ഈ ക്ഷേത്രത്തിന് പെരുവിരുത്തി മലനട എന്ന് പേര് ലഭിക്കുന്നത്. ഇവിടത്തെ ക്ഷേത്രനിയന്ത്രണം കുറുവ സമുദായത്തിനാണ്. മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിൻ്റെ ഐതീഹ്യം. ഇവിടത്തെ വനങ്ങളിൽ പാണ്ഡവരുണ്ടാകുമെന്ന് കരുതി പാണ്ഡവരെ തപ്പിനടന്ന ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്തരായ ഇവരെ കുറുവസ്ത്രീ മധുചഷകം നൽകി സൽക്കരിച്ചുവെന്നും ഇതിൽ സംപ്രീതനായ ദുര്യോധനൻ 101 ഏക്കർ സ്ഥലം നൽകി ഇവരെ അനുഗ്രഹിച്ചുമെന്നുമാണ് പ്രചാരം സിദ്ധിച്ച കഥ.
 
രാജാധികാരത്തിൻ്റെ സമയത്ത് അയിത്തജാതിക്കാർ നൽകുന്ന വെള്ളം രാജാക്കന്മാർ കുടിക്കാറില്ലായിരുന്നു. പക്ഷേ ജാതി സമ്പ്രദായത്തിൽ വിശ്വാസമില്ലാതിരുന്ന ദുര്യോധനൻ കുറുവ സ്ത്രീയിൽ നിന്നും മദ്യം സ്വീകരിക്കുകയും അവരുടെ ആദിത്യം സ്വീകരിക്കുകയും ചെയ്തു. ദുര്യോധനൻ പിന്നീട് ശിവനോട് ആ നാട്ടിലെ ജനങ്ങളുടെ നല്ലതിനായി പ്രാർഥന നടത്തിയെന്നും കൃഷിഭൂമി വിട്ടുനൽകിയെന്നുമാണ് ഐതീഹ്യം. പിൻകാലത്ത് ദുര്യോധനൻ ശിവനെ പ്രാർഥിച്ച ഇടത്തിൽ ക്ഷേത്രം ഉയരുകയായിരുന്നു. മലനട അപ്പൂപ്പൻ എന്ന പേരിലും ദുര്യോധനനെ ഇവിടെ ആരാധിക്കുന്നു. ഭക്തർക്ക് തീർഥമായി കള്ളാണ് ഇവിടെ നൽകുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article