സ്ത്രീകളുടെ മുഖത്ത് അമിതമായി രോമം വളരുന്നത് ചില അസുഖങ്ങള്‍ മൂലമാകാം. ഇത്തരത്തില്‍ സ്ത്രീകളുടെ മുഖത്ത് രോമം അമിതമായി വളരുന്നതിനെ ഹെയര്‍സ്യൂട്ടിസം എന്നാണ് പറയുന്നത്. ഇതിനുള്ള ആദ്യത്തെ കാരണം ജനറ്റിക്കാണ്. പാരമ്പര്യമായി ഇത്തരത്തില്‍ രോമവളര്‍ച്ചയുള്ളവരുടെ കുടുംബത്തില്‍ ജനിച്ചവര്‍ക്ക് രോമവളര്‍ച്ചയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചില മരുന്നുകളുടെ ഉപയോഗം മൂലമുള്ള സൈഡ് എഫക്ട് കൊണ്ടും ഇത്തരത്തില്‍ മുഖത്ത് രോമവളര്‍ച്ചയുണ്ടാകാം.
അമിതവണ്ണം മൂലം ഹോര്‍മോണുകളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ കൊണ്ടും ഇത്തരത്തില്‍ ഉണ്ടാകാം. മറ്റൊന്ന് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് ആണ്. ശരീരത്തില്‍ അമിതമായ അളവില്‍ കോര്‍ട്ടിസോള്‍ ഉല്പാദിപ്പിക്കപ്പെടുന്നത് മൂലമുണ്ടാകുന്ന കുഷിങ് സിന്‍ഡ്രം മൂലവും ഇങ്ങനെ സംഭവിക്കാം.