'സോമര്‍ എന്നാ സുമ്മാവാ...' പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ സ്വിസ് നിരയുടെ രക്ഷകനായ കാവല്‍ക്കാരന്‍, മടക്കം തലയുയര്‍ത്തി തന്നെ

ശനി, 3 ജൂലൈ 2021 (07:14 IST)
യൂറോ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ സ്‌പെയിനെ അട്ടിമറിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സാധിച്ചില്ല. പ്രീ-ക്വാര്‍ട്ടറില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെ അട്ടിമറിച്ച കരുത്തോടെയാണ് ക്വാര്‍ട്ടറില്‍ സ്വിസ് കളത്തിലിറങ്ങിയത്. എന്നാല്‍, ആവേശം പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ അവസാന മിനിറ്റുകളില്‍ മത്സരം സ്വിറ്റ്‌സര്‍ലന്‍ഡ് കൈവിട്ടു. 
 
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടിയിരുന്നു. വിജയിയെ കണ്ടെത്താന്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും സ്വിറ്റ്‌സര്‍ലന്‍ഡിന് കാവലായത് ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ ആണ്. കുറിയ പാസുകളിലൂടെയും വൈദഗ്ധ്യമാര്‍ന്ന നീക്കങ്ങളിലൂടെയും സ്‌പെയിന്‍ പലതവണ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോള്‍ പോസ്റ്റിലേക്ക് ഇരച്ചെത്തി. എന്നാല്‍, അത്തരം പ്രതിസന്ധികളെയെല്ലാം വളരെ കൂളായി തട്ടി നീക്കുകയായിരുന്നു സോമര്‍. 
 
മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നപ്പോഴാണ് യാന്‍ സോമര്‍ യഥാര്‍ഥത്തില്‍ ഒരു സൂപ്പര്‍മാന്‍ ആയത്. എക്‌സ്ട്രാ ടൈമില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ പോസ്റ്റിന് സമീപം മാത്രമായിരുന്നു കളി. ഇടവേളകളില്ലാതെ സ്‌പെയിന്‍ ആക്രമണം അഴിച്ചുവിട്ടു. ഒരു ഗോള്‍ കൂടി നേടി വിജയം ഉറപ്പിക്കാന്‍ സ്പാനിഷ് പട കഴിവതും ശ്രമിച്ചു. എന്നാല്‍, അതിനെയെല്ലാം സോമര്‍ പ്രതിരോധിച്ചു. കിടിലന്‍ സേവുകളിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതീക്ഷകളെ പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീട്ടിയത് സോമര്‍ തന്നെ. 
 
ആരാധകരുടെ ഹൃദയം കവര്‍ന്നാണ് സോമര്‍ യൂറോ കപ്പില്‍ നിന്ന് വിടവാങ്ങുന്നത്. പ്രീ-ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പെനാല്‍ട്ടി കിക്ക് തട്ടി കളഞ്ഞത് മാത്രം മതി സോമറിനെ ഓര്‍ക്കാന്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍