അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങി കരുത്തരായ അർജന്റീന. അതിശക്തരുടെ മത്സരം എന്നാണ് ഇന്നലെ നടന്ന അർജന്റീന സ്പെയിൻ അന്താരാഷ്ട്ര സൗഹൃദ മത്സരത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ മത്സരം പക്ഷെ അർജന്റീനക്ക് ദുരന്തമായി മാറുകയായിരുന്നു. ഒന്നിനെതിരെ ആറ് ഗോളുകൾ പായിച്ചാണ് സ്പെയിൻ കളിയിൽ പൂർണ ആധിപത്യം സ്ഥാപിച്ചത്.
സൂപ്പർ താരം മെസ്സി ഇല്ലാതെയാണ് അർജന്റീന ഇന്നലെ കളത്തിലിറങ്ങിയത്. ഈ ആനുകൂല്യം സ്പെയിൻ താരങ്ങൾ ശരിക്കും മുതലെടുത്തു. മത്സരത്തിന്റെ 12ആം മിനിട്ടിൽ ഡീഗോ കോസ്റ്റയാണ് ആദ്യ ഗോൾ നേടി സ്പെയിനെ മുന്നിലെത്തിച്ചത്. പിന്നീട് ഇസ്കോയുടെ ഹാട്രിക് ഗോളുകൾ അർജന്റീനയുടെ വിജയ പ്രതീക്ഷയ്ക്കിടയിൽ വന്മതിൽ തീർത്തു. തീയാഗോ അല്‍കാന്‍ട്ര, ലാഗോ ആസ്പാസ് എന്നിവർകൂടി സ്പെയിനു വേണ്ടി വല ചലിപ്പിച്ചതോടെ അർജന്റീനയൂടെ പതനം പൂർണ്ണമായി.